ഉയരുന്ന ഇന്ധനവില; ഡൽഹിയിൽ ഓട്ടോ ടാക്സി പണിമുടക്ക് ആരംഭിച്ചു
ന്യൂഡൽഹി: ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഓട്ടോ, ടാക്‌സി, ക്യാബ് ഡ്രൈവേഴ്‌സ് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. രണ്ട് ദിവസത്തേക്കാണ് പണിമുടക്ക് നടക്കുക. ഇന്ധനവില കുറക്കണമെന്നും ജീവനക്കാരുടെ കൂലി വർധിപ്പിക്കണമെന്നും ആണ് പണിമുടക്ക് സംഘടനകളുടെ ആവശ്യം. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഡൽഹി സർക്കാർ ഉറപ്പ് നൽകിയിരുന്നു എങ്കിലും സമരം പിൻവലിക്കാൻ സംഘടനകൾ തയ്യാറായില്ല.
സമയബന്ധിതമായി യാത്രാനിരക്ക് പരിഷ്‌ക്കരിക്കുന്നത് പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് ചെവികൊള്ളാതെയാണ് വിവിധ സംഘടനകൾ ഇന്നും നാളെയുമായി പണിമുടക്കുന്നത്. ഭാരതീയ മസ്ദൂർ സംഘിന്റെ യൂണിറ്റായ ഓട്ടോ ആൻഡ് ടാക്‌സി അസോസിയേഷൻ ഓഫ് ഡൽഹിയും പണിമുടക്കിൽ പങ്ക് ചേർന്നിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ വലിയ തോതിൽ ഓട്ടോകളും ക്യാബുകളും ഡൽഹിയിലെ നിരത്തുകളിൽ ഇറങ്ങില്ലെന്ന് അവർ അവകാശപ്പെടുന്നുണ്ട്. കേന്ദ്ര-ഡൽഹി സർക്കാരുകൾ തങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് ഡൽഹി ഓട്ടോറിക്ഷാ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു.

സിഎൻജി വിലയിൽ സബ്‌സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 30ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തങ്ങൾ കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരിൽ നിന്ന് പ്രതികരണം ഇതുവരെയും ലഭിച്ചില്ലെന്നും ഇപ്പോൾ സമരം ചെയ്യാൻ ഞങ്ങൾ നിർബന്ധിതർ ആയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. "നിരക്ക് വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല കാരണം അത് സാധാരണക്കാരെ ബാധിക്കും. സർക്കാർ ഇന്ധന വില വർദ്ധിപ്പിക്കരുത് എന്നതാണ് ഞങ്ങളുടെ ഏക ആവശ്യം. സിഎൽജി വിലകളിൽ ഞങ്ങൾക്ക് സബ്‌സിഡി തരൂ" സോണി പറഞ്ഞു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും സോണി ഉറപ്പുനൽകി.
അതേ സമയം നിരവധി യൂണിയനുകൾ പണിമുടക്കിൽ ചേരില്ല എന്നും അറിയിച്ചിട്ടുണ്ട്. ഗ്രാമീൺ സേവയും ഇ-റിക്ഷയും ഈ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ക്യാപിറ്റൽ ഡ്രൈവർ വെൽഫെയർ അസോസിയേഷൻ ഡൽഹി സംസ്ഥാന പ്രസിഡന്റ് ചന്ദു ചൗരസ്യ എഎൻഐയോട് പറഞ്ഞു. പതിവുപോലെ ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും. എന്നാൽ സിഎൻജിയിൽ സബ്‌സിഡി നൽകണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുമെന്നും ചൗരസ്യ പറഞ്ഞു. അതേ സമയം ഒല, ഊബർ ക്യാബ് ഡ്രൈവർമാർ പണിമുടക്കിൽ ചേരുമെന്ന് ഡൽഹിയിലെ സർവോദയ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കമൽജീത് ഗിൽ പറഞ്ഞു. 2015 മുതൽ ഒല, ഊബർ നിരക്കുകൾ വർധിപ്പിച്ചിട്ടില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications