രാഹുല്‍ ഗാന്ധി നേരത്തെ വിവാഹം കഴിക്കണമായിരുന്നു; ഇനിയും വൈകിയില്ലെന്ന് ലാലു പ്രസാദ് യാദവ്
പട്‌ന: ബിജെപിയെ നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിഹാര്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിന് ശേഷം ചര്‍ച്ചയായി രാഹുല്‍ ഗാന്ധിയുടെ വിവാഹം. ഇക്കാര്യത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത പട്‌നയിലെ യോഗം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന്റെ കാഹളമായി വിലയിരുത്തുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടണം എന്നാണ് യോഗത്തില്‍ നേതാക്കള്‍ പങ്കുവച്ച വികാരം. ഇതിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. അതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിവാഹവും മാധ്യമങ്ങളില്‍ നിറഞ്ഞത്.

രാഹുല്‍ ഗാന്ധി തന്റെ നിര്‍ദേശം അംഗീകരിച്ചില്ല. അദ്ദേഹം നേരത്തെ വിവാഹം ചെയ്യേണ്ടിയിരുന്നു. ഇപ്പോഴും വൈകിയിട്ടില്ല. ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. നിങ്ങള്‍ വിവാഹം കഴിക്കാത്തതില്‍ അമ്മയ്ക്ക് വിഷമമുണ്ടെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ഇതിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയും രസകരമാണ്. നിങ്ങള്‍ പറഞ്ഞ പോലെ സംഭവിക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ വസ്ത്രധാരണത്തെ ലാലു പ്രസാദ് പുകഴ്ത്തി. മോദിയുടെ കുര്‍ത്തയെ പരാജയപ്പെടുത്താന്‍ മതിയായ വസ്ത്രമാണ് രാഹുല്‍ ധരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയെയും ലാലു അഭിനന്ദിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ 2000 രൂപാ നോട്ട് പിന്‍വലിച്ചതിനെ ലാലു വിമര്‍ശിക്കുകയും ചെയ്തു.
ജൂണ്‍ 19നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജന്മദിനം. അദ്ദേഹത്തിന് 53 വയസായി. കഴിഞ്ഞ വര്‍ഷം വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തന്റെ മാതാവ് സോണിയ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും സ്വഭാവ ഗുണങ്ങളുള്ള വ്യക്തിയെ ആണ് വിവാഹം ചെയ്യുക എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. കൃത്യമായ സമയം എല്ലാം നടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications