വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആര്‍ എന്‍ രവിയെ മാറ്റിയ നടപടിയില്‍ പ്രതികരണവുമായി ഡിഎംകെ. തങ്ങളുടെ സര്‍ക്കാരിന്റെ താരപ്രചാരകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്് എന്ന് ഡിഎംകെ എംപി പി വില്‍സണ്‍ പറഞ്ഞു. ആര്‍ എന്‍ രവി തമിഴ്‌നാടിന്റെ 'ബിജെപിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തല്‍' ആണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രവി എവിടെ നിയമിക്കപ്പെട്ടാലും ഭരണഘടനയ്ക്ക് അപകടമായി മാറുമെന്നും വില്‍സണ്‍ പരിഹസിച്ചു. 'രണ്ട് കാര്യങ്ങളില്‍ എനിക്ക് സങ്കടമുണ്ട്. ഒന്നാമതായി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെയ്ക്ക് ഒരു സ്റ്റാര്‍ കാമ്പെയ്നറെ നഷ്ടപ്പെടുന്നു. തമിഴ്നാടുമായുള്ള ബിജെപിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു ആര്‍ എന്‍ രവി.

'രണ്ടാമതായി, പശ്ചിമ ബംഗാളിലെ ജനങ്ങളെയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിലെ എന്റെ നല്ല സുഹൃത്തുക്കളെയും ഓര്‍ത്ത് എനിക്ക് സങ്കടമുണ്ട്. അദ്ദേഹം (ആര്‍ എന്‍ രവി) എവിടെ പോയാലും ഭരണഘടന, ഫെഡറല്‍ ഘടന, പാര്‍ലമെന്ററി ജനാധിപത്യം എന്നിവ നശിപ്പിക്കപ്പെടും,' വില്‍സണ്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷമായി തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്ത് ആര്‍ എന്‍ രവിയായിരുന്നു.
ഇക്കാലയളവിനിടയില്‍ സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഗവര്‍ണര്‍ ഏറ്റുമുട്ടിയിരുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ പല ബില്ലുകളും ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരുന്നു. പലപ്പോഴും സുപ്രീംകോടതിയില്‍ പോയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനെതിരെ പോരാടിയത്. 2021 സെപ്റ്റംബര്‍ 18 നാണ് ആര്‍ എന്‍ രവി തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍മാരുടെ മാറ്റം രാഷ്ട്രപതി പ്രഖ്യാപിച്ചത്.
പശ്ചിമ ബംഗാളിലെ ഗവര്‍ണറായാണ് രവി ഇനി ചുമതലയേല്‍ക്കുന്നത്. അതേസമയം രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിക്കാനുള്ള നീക്കത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്നാട് ഗവര്‍ണറുടെ അധിക ചുമതലകള്‍ നിര്‍വഹിക്കുമെന്ന് രാഷ്ട്രപതി ഭവന്റെ പത്രക്കുറിപ്പില്‍ പറയുന്നു. യു എസിലെ മുന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ്-ജനറല്‍ ആയിരിക്കും.
തമിഴ്‌നാട് സര്‍ക്കാരുമായി ഇടയ്ക്കിടെ ഏറ്റുമുട്ടിയിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രവിയുടെ നിയമനം ബംഗാളിലേയും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications