ഹൈദരാബാദില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പേരില്‍ റോഡ്; ലോകത്ത് തന്നെ ആദ്യം: കാരണം ഇതാണ്
ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ഇന്ത്യയിലൊരു റോഡ്. അമേരിക്കയില്‍ പോലും ട്രംപിന്റെ പേരിലൊരു റോഡില്ല. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇത്തരമൊരു ശ്രദ്ധേയമായ നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഹൈദരാബാദിലെ പ്രധാനപ്പെട്ട ഒരു റോഡിന് ട്രംപിന്റെ പേര് നല്‍കാനാണ് തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം. ലോകത്ത് തന്നെ ആദ്യമായാണ് ട്രംപിന്റെ പേരില്‍ ഒരു റോഡ് വരുന്നത്.
ഹൈദരാബാദ് നഗരത്തിലെ പ്രധാന റോഡുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ സ്വാധീനമുള്ള വ്യക്തികളുടെയും പ്രശസ്ത കമ്പനികളുടെയും പേരുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഈ നടപടി പ്രമുഖര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നതിനൊപ്പം സംസ്ഥാനത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കാനും സഹായകമാകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതീക്ഷിക്കുന്നത്.

നഗരത്തിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന ഹൈ-പ്രൊഫൈല്‍ റോഡിന് 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ' എന്ന് നാമകരണം ചെയ്യാനാണ് തീരുമാനം. ഇതുകൂടാതെ ഇന്ത്യയിലെ പ്രമുഖ വ്യവസായിയും പത്മഭൂഷണ്‍ ജേതാവുമായ രത്തന്‍ ടാറ്റയെ ആദരിച്ച് നെഹ്റു ഔട്ടര്‍ റിംഗ് റോഡിലെ രവിര്യാല മുതല്‍ ഫ്യൂച്ചര്‍ സിറ്റി വരെയുള്ള 100 മീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് റേഡിയല്‍ റോഡിന് 'ടാറ്റ ഇന്റര്‍ചേഞ്ച്' എന്ന് പേര് നല്‍കും. ഈ റോഡുകളില്‍ സഞ്ചരിക്കുന്നവരെ പ്രചോദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ റോഡുകള്‍ക്ക് നല്‍കുന്നതിലൂടെ നഗരത്തിന്റെ പദവി ഉയര്‍ത്താനും, വിദേശ നിക്ഷേപകരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അന്തിമ തീരുമാനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുഎസ് എംബസിക്കും സര്‍ക്കാര്‍ കത്തുകള്‍ എഴുതുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ തീരുമാനത്തോടൊപ്പം, മറ്റ് ചില പ്രധാനപ്പെട്ട റോഡുകള്‍ക്ക് സെലിബ്രിറ്റികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ അന്തിമമാക്കിയിട്ടുണ്ട്. മറുവശത്ത്, ഐടി ഇടനാഴിയിലെ പ്രധാനപ്പെട്ട റോഡുകള്‍ക്ക് ഗൂഗിള്‍ സ്ട്രീറ്റ്, മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജംഗ്ഷന്‍ എന്നീ പേരുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഗൂഗിളിന്റെ യുഎസിന് പുറത്തുള്ള ഏറ്റവും വലിയ കാമ്പസായി മാറാന്‍ പോകുന്ന സ്ഥലത്തിന് സമീപമുള്ള റോഡ് 'ഗൂഗിള്‍ സ്ട്രീറ്റ്' എന്നറിയപ്പെടും.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തില്‍, ഹൈദരാബാദിലെ പ്രധാനപ്പെട്ട റോഡുകള്‍ക്ക് ലോകോത്തര കമ്പനികളുടെ പേരിടുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. അതിനനുസൃതമായാണ് ഈ തീരുമാനം.
തിങ്കളാഴ്ച മുതല്‍ ഹൈദരാബാദിന് സമീപം നടക്കുന്ന 'തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റി'ന് മുന്നോടിയായാണ് ഈ പ്രഖ്യാപനങ്ങള്‍. 44 രാജ്യങ്ങളില്‍ നിന്നുള്ള 154 അന്താരാഷ്ട്ര പ്രതിനിധികളാണ് ഈ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications