കെഎസ്ആര്‍ടിസിയില്‍ വന്‍ കൊള്ള...പിന്നില്‍ നാലംഗ സംഘം, ആയുധം അരിവാള്‍
കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് പോയ പോയ ബസിലാണ് സംഭവം
Recommended Video

ബംഗളൂരു: കര്‍ണാടകയില്‍ വച്ചു കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് ആക്രമിക്കപ്പെട്ടത്. ചിക്കനല്ലൂര്‍ പോലീസില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
നാലാംഗ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചതെന്നാണ് വിവരം. ഇവര്‍ ബൈക്കുകളിലാണ് എത്തിയതെന്നും യാത്രക്കാര്‍ പറയുന്നു. യാത്രക്കാരുടെ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പോലീസിനു നല്‍കിയ പരാതിയില്‍ അറിയിച്ചു.

സംഭവം പുലര്‍ച്ചെ
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ബസ് ചിക്കനെല്ലൂര്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കള്‍ ബസില്‍ കയറിയത്. പ്രാഥമിക ആവശ്യത്തിനായി ഡ്രൈവര്‍ ബസ് റോഡരികില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസിലേക്കു കയറുകയായിരുന്നു.

യാത്രക്കാരെന്ന തരത്തില്‍ കയറി
യാത്രക്കാരെന്ന തരത്തില്‍ ബസില്‍ കയറിപ്പറ്റിയ ഇവര്‍ പിന്നീട് ആയുധങ്ങള്‍ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ബസിലുള്ള യാത്രക്കാരുടെ കഴുത്തില്‍ ആയുധങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.

യാത്രക്കാരന്‍ പറയുന്നത്
ബസില്‍ കയറിയ നാലംഗ സംഘം കൈവശമുണ്ടായിരുന്ന വാളുകള്‍ യാത്രക്കാരുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ബസിലെ യാത്രക്കാരില്‍ ഒരാളായ രജീഷ് പറയുന്നു.

മാല പൊട്ടിച്ചെടുത്തു
ബസിലെ സ്ത്രീ യാത്രക്കാരുടെ കഴുത്തില്‍ മാലയുണ്ടോയെന്ന് പരിശോധിച്ച ശേഷം മോഷ്ടാക്കള്‍ ഇവ പൊട്ടിച്ചെടുക്കുകയായിരുന്നുവെന്നും രജീഷ് വ്യക്തമാക്കി.

അഞ്ചോളം പേര്‍ക്ക് മാല, പണം നഷ്ടമായി
യാത്രക്കാരില്‍ അഞ്ചോളം പേര്‍ക്കു മാലയും പണവുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് രജീഷ് പറഞ്ഞു.

ചാടി രക്ഷപ്പെട്ടു
ഇതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തപ്പോള്‍ മോഷ്ടാക്കള്‍ ബസില്‍ നിന്നു പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളില്‍ നാലു പേരുടെ കൈയിലും അരിവാള്‍ ഉണ്ടായിരുന്നതായും രജീഷ് പറഞ്ഞു.

സംസാരിച്ചത് കന്നഡ ഭാഷ
മോഷ്ടാക്കള്‍ കന്നഡ ഭാഷയിലാണ് സംസാരിച്ചതെന്നു രജീഷ് വ്യക്തമാക്കി. മോഷ്ടാക്കള്‍ ബസില്‍ നിന്നു ഇറങ്ങിയ ശേഷം പോലീസിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications