റോബര്‍ട്ട് വദ്രയെ കോണ്‍ഗ്രസ് ഒളിപ്പിക്കുന്നു?
റായ്ബറേലി: അമേഠിയിലും റായ്ബറേലിയിലും റോബര്‍ട്ട് വദ്രയെ പങ്കെടുപ്പിക്കാതെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം. ഭാര്യാ സഹോദരനായ രാഹുല്‍ ഗാന്ധിക്കും അമ്മായിയമ്മയായ സോണിയാ ഗാന്ധിക്കും വേണ്ടി മുന്‍ വര്‍ഷങ്ങളിലേത് പോലെ പത്രിക സമർപ്പിക്കാനും വോട്ട് പിടിക്കാനും റോബര്‍ട്ട് വദ്ര എത്താത്തതാണ് പാര്‍ട്ടി അനുയായികളെ അത്ഭുതപ്പെടുത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പത്രിക സമര്‍പ്പിക്കുന്ന ഘട്ടം മുതല്‍ രാഹുലിനും സോണിയയ്ക്കും ഒപ്പം റോബര്‍ട്ട് വദ്രയും ഭാര്യ പ്രിയങ്കയും ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടി നേതൃത്വം തന്ത്രപരമായി റോബര്‍ട്ട് വദ്രയെ ഒഴിവാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭൂമി തട്ടിപ്പ് കേസുകള്‍ അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വദ്രയെ പ്രചാരണ രംഗത്ത് നിന്നും മാറ്റി നിര്‍ത്തുന്നതത്രെ.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെ പദ്ധതികളിലൊന്നും റോബര്‍ട്ട് വദ്രയ്ക്ക് മുന്‍പുണ്ടായിരുന്ന സ്ഥാനം കിട്ടാനിടയില്ല എന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലും അയല്‍ സംസ്ഥാനമായ രാജസ്ഥാനിലുമാണ് വദ്രയുടെ വിവാദ ഇടപാടുകള്‍. ആം ആദ്മി പാര്‍ട്ടിയും ബി ജെ പിയും വദ്രയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വദ്രയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതത്രെ.
1999 ല്‍ സോണിയ ഗാന്ധി അമേഠിയില്‍ മത്സരിക്കുമ്പോഴും 2004ല്‍ ആ സീറ്റ് രാഹുല്‍ ഏറ്റെടുത്ത് സോണിയ റായ്ബറേലിയിലേക്ക് നീങ്ങിയപ്പോഴും റോബര്‍ട്ട് വദ്രയും പ്രിയങ്കയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മുതല്‍ ഒപ്പുമുണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് സുഖമില്ലാത്തത് കൊണ്ടാണ് വദ്ര ദമ്പതികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് ഇവരുടെ വക്താവ് കെ എല്‍ ശര്‍മ പറയുന്നത്.












Click it and Unblock the Notifications