രോഹ്തക് കൂട്ട ബലാത്സംഗം; തെളിവില്ലാത്തതിനാല്‍ 90 ദിവസത്തിനുശേഷം പ്രതികളെ വിട്ടു
സിസിടിവിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതടക്കമുള്ള തെളിവകള്‍ ലഭിച്ചിരുന്നു.
ഭിവാനി: പെണ്‍കുട്ടി ഒരേ പ്രതികളില്‍ നിന്നും രണ്ടുതവണ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ 90 ദിവസത്തിനുശേഷം പ്രതികളെ കോടതി വെറുതെവിട്ടു. ഹരിയാനയിലെ ഭിവാനിയിലെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പോലീസ് കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.
2013ല്‍ ഭിവാനിയില്‍ വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഈ വര്‍ഷം ജൂലായില്‍ രോഹ്തക്കില്‍ വെച്ച് അതേ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടുന്നതില്‍ അലസത കാണിച്ചത് ബിജെപി സര്‍ക്കാരിനെതിരെ വിവാദത്തിന് ഇടവരുത്തിയിരുന്നു.

കേസില്‍ അഞ്ചു പ്രതികളെയാണ് അറസ്റ്റ് ചെയ്തത് രണ്ടുപേര്‍ ഒളിവിലാണ്. സിസിടിവിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതടക്കമുള്ള തെളിവകള്‍ ലഭിച്ചിരുന്നു. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശരിയായ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ല.
പ്രതികള്‍ക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ അവരെ വിട്ടയക്കണമെന്നുകാട്ടി പോലീസ് തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പോലീസിന്റെ അപേക്ഷ പരിഗണിച്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ വിടാന്‍ ഉത്തരവിടുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കെതിരെ തെളിവു ലഭിച്ചില്ലെന്നും പിന്നീട് സിസിടിവി പ്രകാരം അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയില്ലെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications