''മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ ആഗ്രഹമുണ്ട്, പക്ഷേ ആ പദവി തന്നെ വിട്ട് പോകണ്ടേ..''; ഒളിയമ്പുമായി ഗെഹ്ലോട്ട്
ജെയ്പൂര്‍: പാര്‍ട്ടിക്കുള്ളിലെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് നേര്‍ക്ക് ഒളിയമ്പുമായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിയാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ ആ പദവി തന്നെ വിട്ട് പോകാന്‍ അനുവദിക്കുന്നില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.
നാലാം തവണയും താന്‍ തന്നെ മുഖ്യമന്ത്രിയാകണം എന്നാണ് ഒരു വനിതാ പാര്‍ട്ടി പ്രവര്‍ത്തക തന്നോട് ആവശ്യപ്പെട്ടത്. താന്‍ അവരോട് പറഞ്ഞു, എനിക്ക് മുഖ്യമന്ത്രി പദവി വിട്ട് പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ആ പദവി തന്നെ പോകാന്‍ അനുവദിക്കുന്നില്ല എന്ന്, ഗെഹ്ലോട്ട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തെന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് തമാശരൂപത്തില്‍ ഗെഹ്ലോട്ട് മറുപടി നല്‍കിയത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തുവെങ്കില്‍ തന്നില്‍ അതിനുളളതെന്തോ ഉണ്ടാകാം എന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ കോണ്‍ഗ്രസിനുളളില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന അധികാര വടംവലിയുടെ പശ്ചാത്തലത്തില്‍ ഗെഹ്ലോട്ടിന്റെ ഈ പ്രതികരണം ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തത് കാരണം പാര്‍ട്ടിക്കുള്ളില്‍ സച്ചിന്‍ പൈലറ്റ് തുടങ്ങിവെച്ച കലാപം 2020ല്‍ ഗെഹ്ലോട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ വരെയുളളതിലേക്ക് എത്തിയിരുന്നു. ഹൈക്കമാന്‍ഡ് ഇടപെട്ടാണ് അന്ന് പൈലറ്റിനെ അനുനയിപ്പിച്ചത്.
കലാപം പുറമേ അടങ്ങിയെങ്കിലും ഇടയ്ക്കിടെ പൊട്ടിത്തെറികള്‍ പാര്‍ട്ടിക്കുളളിലും സര്‍ക്കാരിലും ഉയര്‍ന്ന് കൊണ്ടിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലേക്ക് സച്ചിന്‍ പൈലറ്റിന് ക്ഷണമില്ല എന്നത് പ്രശ്‌നങ്ങള്‍ ഇപ്പോഴും പുകയുന്നു എന്നതിന്റെ ശക്തമായ സൂചന തന്നെയാണ്. അതേസമയം സച്ചിന്‍ പൈലറ്റുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ ഗെഹ്ലോട്ട് തള്ളിക്കളയുകയാണ്.
മറക്കുക പൊറുക്കുക എന്നുളളതാണ് തന്റെ പോളിസിയെന്ന് ഗെഹ്ലോട്ട് പറഞ്ഞു. കോണ്‍ഗ്രസില്‍ കലാപമുണ്ടെന്ന പ്രചാരണം നടത്തുന്നത് ബിജെപി ആണെന്നും ഗെഹ്ലോട്ട് ആരോപിച്ചു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാവരുടേയും അഭിപ്രായം കേട്ട ശേഷമാണ് തീരുമാനത്തിലെത്തുന്നത്. സച്ചിന്‍ പൈലറ്റിന്റെ അനുയായികളുടെ തീരുമാനങ്ങളിലും താന്‍ പങ്കാളിയാണ്. സച്ചിന്‍ ക്യാമ്പിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ പേരും താന്‍ എതിര്‍ത്തിട്ടില്ലെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.












Click it and Unblock the Notifications