മൂന്നു ദിവസത്തിനുള്ളില്‍ 150 കോടിയുടെ കള്ളപ്പണവേട്ട; ബെംഗളൂരു പോലീസിന് മോദിയുടെ പ്രശംസ
ഇതോടെ നിരീക്ഷണത്തിലുളള നാലു ബാങ്കുകള്‍ക്ക് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബെംഗളൂരു: ആളുകള്‍ നോട്ടില്ലാതെ നെട്ടോട്ടമോടുമ്പോള്‍ ബെംഗളൂരുവില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി നടത്തിയ റെയ്ഡില്‍ പിടി കൂടിയത് 150 കോടിയോളം രൂപ. സ്വര്‍ണ്ണാഭരണങ്ങള്‍, അനധികൃത ഭൂമി രേഖകള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് ഇത്രയും തുക പിടിച്ചെടുത്തത്.ഇതില്‍ 5.7കോടി പുതിയ 2000 രൂപാ നോട്ടുകളാണ് .90 ലക്ഷത്തോളം രൂപയുടെ പഴയ നോട്ടുകളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രണ്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത അഞ്ചരകോടിയോളം രൂപയില്‍ 4.7 കോടി പുതിയ 2000 രൂപ നോട്ടുകളായിരുന്നു. ഇതേ തുടര്‍ന്ന് സി എസ് ജയചന്ദ്ര ,ചിക്കരായപ്പ എന്നീ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു പുറമേയാണ് രണ്ടു കരാറുകാരുടെ വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡില്‍ 2000 ത്തിന്റെ ഒരു കോടി രൂപ കൂടി കണ്ടെടുത്തത്.

ഇതോടെ നിരീക്ഷണത്തിലുളള നാലു ബാങ്കുകള്‍ക്ക് ആദായ നികുതി ഉദ്യോഗ്സ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ വന്‍ കള്ളപ്പണവേട്ട തന്ത്രപൂര്‍വ്വം നിര്‍വ്വഹിച്ച ബെംഗളൂരു പോലീസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര നിയമസഭയില്‍ അറിയിച്ചു. ബെംഗളൂരുവില്‍ മൊത്തം 18 ഇടങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഉഡുപ്പി ചിക്കമംഗ്ലൂര്‍ ജില്ലകളിലും പരിശോധന കര്‍ശനമാക്കിയിരുന്നു. ചിക്കമംഗ്ലൂരിലെ മൈലൂരില്‍ നിന്ന് മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന മൂന്നു പേരില്‍ നിന്ന് 71 ലക്ഷം രൂപയോളമാണ് പിടിച്ചെടുത്തത്. മംഗളൂരുവിലും ചിക്കമംഗളൂരുവിലും ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് സി ബി ഐയ്ക്ക് വിടാനാണ് സാധ്യത












Click it and Unblock the Notifications