ജീവനക്കാരെ തോക്കുമുനയിൽ നിർത്തി തനിഷ് ജ്വല്ലറിയിൽ കവർച്ച; 25 കോടി വിലവരുന്ന ആഭരണങ്ങൾ കവർന്നു
പട്ന: ബീഹാറിലെ ആറയിലെ തനിഷ്ക് ഷോറൂമിൽ നിന്ന് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിൻ മുനയിൽ നിർത്തി 25 കോടിയുടെ ആഭരണങ്ങൾ കവർന്നു. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കവർച്ചക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും രണ്ട് മോഷ്ടാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കാളാഴ്ച രാവിലെ 10. 30 ന് ഷോറൂം തുറന്നതിന് പിന്നാലെ മുഖംമൂടിയും ഹെൽമറ്റും ധരിച്ച് മുഖം മറച്ച അഞ്ചോ ആറോ പേർ കടയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ, ആയുധധാരികളായ ആളുകൾ ഉപഭോക്താക്കളെയും തനിഷ്ക് ജീവനക്കാരെയും വരിവരിയായി നിർത്തി കൈകൾ ഉയർത്തി നിൽക്കാൻ പറയുന്നത് കാണാം.

ഷോ കേസ് ബോക്സുകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർച്ചക്കാർ ബാഗിലാക്കി കൊണ്ടുപോകുന്നതും കാണാം, ഒരു സ്റ്റാഫ് അംഗം കവർച്ച നടക്കുന്ന റൂമിലേക്ക് യദൃശ്ചികമായി നടന്നുവരുന്നതും മോഷ്ടാക്കൾ അയാളെ പിടികൂടി ആവർത്തിച്ച് അടിക്കുന്നതും കാണാം.
സെക്യൂരിറ്റി ജീവനക്കാരന്റെ തോക്ക് കവർച്ചക്കാർ പിടിച്ചെടുക്കുകയും തോക്കിൻ മുനയിൽ നിർത്തുികയും ചെയ്തു.
ഷോറൂമിൽ ഒരിടത്ത് ഒളിച്ചിരുന്ന് സംഭവം പോലീസിനെ വിളിച്ച് വിവരം അറിയക്കുകയും അരമണിക്കൂറിനുള്ളിൽ പോലീസ് എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. അവർ പറയുന്നത് പ്രകാരം ഷോറൂമിന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ കഷ്ടിച്ച് 600 മീറ്റർ അകലം മാത്രമാണ്.
അരമണിക്കൂറിനുള്ളിൽ പോലീസ് ഷോറൂമിൽ എത്തിയില്ലെന്നും 25 മുതൽ 30 കോൾ ചെയ്തുവെന്നും അപ്പോഴേക്കും കവർച്ചക്കാർ ആഭരണങ്ങളുമായി രക്ഷപ്പെട്ടിരുന്നുവെന്നും ജീവനക്കാരിൽ ഒരാൾ പറഞ്ഞു. കടയിൽ നിന്ന് 25 കോടി രൂപയുടെ ആഭരണങ്ങൾ മോഷണം പോയതായി തനിഷ്ക് ഷോറൂം സ്റ്റോർ മാനേജർ കുമാർ മൃത്യുഞ്ജയ് പറഞ്ഞു. എത്ര പണമാണ് അപഹരിക്കപ്പെട്ടതെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട രണ്ട് പ്രതികൾ പിന്നീട് അറയ്ക്ക് സമീപം പോലീസുമായി എറ്റുമുട്ടലിൽ ഏർപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. തനിഷ്ക് ഷോ റൂമിൽ അഞ്ച് മുതൽ ആറ് വരെ മോഷ്ടാക്കൾ ചേർന്നാണ് കവർച്ച നടത്തിയതെന്നും സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികളെ തിരിച്ചറിയാനും ഉടൻ അറസ്റ്റ് ചെയ്യാനും ശ്രമം നടക്കുന്നുണ്ടെന്നും ഭോജ്പൂർ പോലീസ് സൂപ്രണ്ട് രാജ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications