'വനിത ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപയെത്തും'; നിയുക്ത ഡൽഹി മുഖ്യമന്ത്രി
അധികാരത്തിലേറിയ ഉടൻ തന്നെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഉറപ്പുമായി നിയുക്ത ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മാർച്ച് 8 മുതൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് രേഖ പ്രഖ്യാപിച്ചു. ബിജെപിയുടെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബിജെപി എം എൽ എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പാക്കും. മാർച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെന്നും', രേഖ ഗുപ്ത പറഞ്ഞു. വനിതാ ദിനമാണ് മാർച്ച് 8.

അതേസമയം രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ. ഉച്ചയ്ക്ക് 12.39 ക്ക് രാംലീല മൈതാനത്ത് വെച്ചാണ് ചടങ്ങുകൾ. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന രേഖ ഗുപ്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി വലിയ സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. 25,000ത്തോളം പോലീസുകാരേയും 15 കമ്പനി പാരാമിലിറ്ററി ഉദ്യോഗസ്ഥരേയും വിന്യസിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. ചടങ്ങിൽ ഏകദേശം 50,000ത്തോളം പേർ പങ്കെടുക്കുമെന്നാണ് വിവരം.
ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നാണ് രേഖ ഗുപ്ത വിദയിച്ചത്. ആം ആദ്മിയുടെ ബന്ദന കുമാരിയെ 29,000ത്തോളം വോട്ടുകൾക്കായിരുന്നു രേഖ ഗുപ്ത പരാജയപ്പെടുത്തിയത്. മുൻ ഡൽഹി മുനിസിപ്പൽ കൗൺസിലറായിരുന്ന രേഖ ഗുപ്തയുടെ പേര് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. തുടക്കത്തിൽ പർവേശ് ശർമ അടക്കമുള്ളവരുടെ പേരുകളായിരുന്നു ചർച്ചയായത്. എന്നാൽ ഡൽഹിയെ നയിക്കാൻ വനിത മുഖം വരട്ടെയെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അതേസമയം 26 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ 70 സീറ്റിൽ 48 ഓളം സീറ്റുകൾ നേടിയാണ് ബി ജെ പി ഭരണം പിടച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 8 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. 62 സീറ്റുകൾ നേടിയ ആം ആദ്മിക്ക് 24 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.












Click it and Unblock the Notifications