500 രൂപയുടെ കാലാവധി അവസാനിക്കുന്നു, മൂന്ന് ദിവസം ബാങ്ക് അവധി, ജനം വലയും!
അവശ്യ സേവനങ്ങള്‍ക്ക് അസാധുവാക്കിയ 500 രൂപ ഉപയോഗിക്കാമെന്ന ഇളവ് അവസാനിക്കുന്നു. ഇനി മുതല്‍ പുതിയ നോട്ട് മാത്രം. മൂന്ന് ദിവസം ബാങ്ക് അവധി.
ദില്ലി : നോട്ട് നിരോധനത്തെ തുടര്‍ന്ന് അസാധുവാക്കിയ 500 രൂപ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള കാലാവധി ശനിയാഴ്ച അര്‍ധ രാത്രിയോടെ അവസാനിക്കും. സര്‍ക്കാര്‍, റെയില്‍വേ, വിമാന ടിക്കറ്റ് എന്നിവയ്ക്ക് ഉപയോഗിക്കാന്‍ ഇളവുണ്ടായിരുന്നു. ഇതാണ് ശനിയാഴ്ചയോടെ അവസാനിക്കുന്നത്.
അതിനിടെ ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്കുകള്‍ അവധിയാകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. എടിഎമ്മുകള്‍ മാത്രമാണ് മൂന്നു ദിവസത്തേക്ക് ആശ്രയം.

ശനിയാഴ്ച അവസാനിക്കും
രാജ്യത്ത് നോട്ട് നിരോധനം വന്നതിനു പിന്നാലെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് നിരോധിച്ച 500 രൂപ നോട്ടുകള്‍ അവശ്യ സേവനങ്ങള്‍ക്കായി ഡിസംബര്‍ 15 വരെ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ സൗജന്യം ശനിയാഴ്ച അര്‍ധ രാത്രിയോടെ അവസാനിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇളവ് ഇങ്ങനെ
അസാധുവാക്കിയ 1000 രൂപ നോട്ടുകള്‍ നിരോധിച്ചിരുന്നുവെങ്കിലും 500 രൂപ നോട്ടുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. റെയില്‍ സ്റ്റേഷന്‍, സര്‍ക്കാര്‍ ബസ്, മെട്രോ സ്‌റ്റേഷന്‍, വിമാന ടിക്കറ്റ്, ഫീസ് എന്നിവയ്ക്ക് 500 രൂപ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നു. ഇത് ശനിയാഴ്ചയോടെ അവസാനിക്കുകയാണ്. ഇനി മുതല്‍ പുതിയ നോട്ടുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അതേസമയം നിരോധിച്ച നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ കൊടുത്ത് മാറാവുന്നതാണ്.

നോട്ട് നിരോധനത്തിനു ശേഷം ആദ്യം
അതേസമയം ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്കുകള്‍ അവധിയാണ്. രണ്ടാംശനി, ഞായര്‍, നബി ദിനം എന്നിങ്ങെയാണ് അവധി. നോട്ട് നിരോധിച്ചതിനു പിന്നാലെ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്ക് ബാങ്കുകള്‍ അവധിയില്‍ പ്രവേശിക്കുന്നത്.

ചില്ലറ ക്ഷാമം രൂക്ഷം
ബാങ്കുകള്‍ അവധിയാകുന്നതോടെ ജനങ്ങള്‍ക്ക് ആകെ ആശ്രയം എടിഎമ്മുകള്‍ മാത്രമാണ്. എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്നത് 2500 രൂപ മാത്രമാണ്. എന്നാല്‍ പല എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്നത് 2000 രൂപ മാത്രമാണ്. ഇത് ചില്ലറയാക്കാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയാകുന്നുണ്ട്.കൂടാതെ പല എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.












Click it and Unblock the Notifications