പ്രതിഷേധിച്ചത് കൊണ്ട് ജെന്‍സികള്‍ രാജ്യദ്രോഹികളാകില്ല; പിന്തുണച്ച് മോഹന്‍ ഭഗവത്
പുതിയ തലമുറകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ജെന്‍ സികള്‍ നമ്മുടെ ആളുകള്‍ ആണ് എന്നും അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്നും
മോഹന്‍ ഭാഗവത് പറഞ്ഞു. ജെന്‍-സിവിഭാഗക്കാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കില്‍, അവര്‍ ദേശവിരുദ്ധരല്ലെന്നും അവര്‍ നമ്മുടെ അടുത്ത തലമുറയാണ് എന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
'അവരുമായി ഒരു ആത്മബന്ധം ആവശ്യമാണ്, സംഭാഷണങ്ങള്‍ ആവശ്യമാണ്. അത്തരമൊരു ബന്ധം നിലനില്‍ക്കുന്നുണ്ട് എന്ന തിരിച്ചറിവ് അനിവാര്യമാണ്,' അദ്ദേഹം പറഞ്ഞു. The Role of Youth in Uniting the World, the Indian Way എന്ന വിഷയത്തില്‍ മുംബൈയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ജെന്‍സി വിഭാഗക്കാര്‍ പ്രതിഷേധിക്കരുത് എന്ന് താന്‍ പറയില്ലെന്നും ഭഗവത് പറഞ്ഞു.

എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിഷേധത്തിന് അനുയോജ്യമായ രീതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പുതിയ തലമുറ - ജെന്‍-ഇസഡ്, ജെന്‍-ആല്‍ഫ എന്നിവര്‍ - നിലവിലെ തലമുറയേക്കാള്‍ സത്യസന്ധരാണെന്ന് എനിക്ക് തോന്നുന്നു. ദേശസ്‌നേഹം, സേവനം എന്നിവയുമായി ബന്ധപ്പെട്ട ആഹ്വാനങ്ങളോട് അവര്‍ ആത്മാര്‍ത്ഥമായാണ് പ്രതികരിക്കുന്നത്,' ഭാഗവത് പറഞ്ഞു.
മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട്, ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരുന്നു. സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് ജെന്‍സികള്‍ വ്യാപകമായി പിന്തുണച്ചതോടെ സമരം ശക്തിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗത്യന്തരമില്ലാതെ പ്രധാന്‍ രാജിവെച്ചത്.
ഈ സംഭവത്തിന് പിന്നാലെയാണ് ആര്‍എസ്എസ് മേധാവിയുടെ പ്രതികരണം. മറ്റ് മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ പ്രതിഷേധം ഒരു നിയമാനുസൃതമായ ജനാധിപത്യ മാര്‍ഗമായി ഉപയോഗിക്കാമെന്ന് ഭഗവത് അഭിപ്രായപ്പെട്ടു.
'പ്രതിഷേധം എന്നത് ഒരുതരം സംഭാഷണം കൂടിയാണ്. നമ്മള്‍ ഇവിടെയിരുന്ന് സംസാരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെ മനസ്സിലാക്കപ്പെടുന്നുണ്ടെങ്കില്‍ അത് നല്ലതാണ്. അല്ലെങ്കില്‍, നമുക്കിടയില്‍ ഒരു സംവാദം ഉണ്ടാകും. നിങ്ങള്‍ക്കോ എനിക്കോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുകയും, അത് പരിഹരിക്കാന്‍ നമ്മുടെ കൈവശം മാര്‍ഗമുണ്ടായിട്ടും അത് സംഭവിക്കാതിരിക്കുകയും ചെയ്താല്‍, ഞാന്‍ ശബ്ദമുയര്‍ത്തും,' അദ്ദേഹം പറഞ്ഞു.
അധികാരസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന രീതി ലോകവുമായുള്ള ഇടപെടലിലെ ഒരു പുതിയ ശൈലിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഞങ്ങള്‍ ജെന്‍സികളുടെ പ്രായത്തിലായിരുന്നപ്പോള്‍, മുതിര്‍ന്നവര്‍ പറയുന്നത് അംഗീകരിക്കുന്നവരായിരുന്നു ഞങ്ങളുടെ തലമുറ. ഞങ്ങള്‍ ചോദ്യം ചെയ്യുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ജെന്‍സി, ജെന്‍-ആല്‍ഫ വിഭാഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. അവര്‍ക്ക് യുക്തിസഹമായ ഉത്തരങ്ങള്‍ വേണം,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 140 കോടി ജനസംഖ്യയില്‍ പകുതിയിലധികവും 35 വയസ്സില്‍ താഴെയുള്ളവരാണ്. 2029-ലെ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും ജെന്‍സി വിഭാഗം ഏറ്റവും വലിയ വോട്ടര്‍ വിഭാഗങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 'കണ്ണടച്ച് വിശ്വസിക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍, ഞാന്‍ ജെന്‍സി വിഭാഗത്തെ വിശ്വസിക്കും,' ഭഗവത് പറഞ്ഞു.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചത് സംബന്ധിച്ച് തനിക്ക് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഈ സാഹചര്യത്തിന് പിന്നിലെ കാരണങ്ങള്‍ ഞാന്‍ പരിശോധിക്കേണ്ടതുണ്ട്; എനിക്ക് ഇതുവരെ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കാര്യങ്ങള്‍ എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് സംഭവിച്ചതെന്നോ ഇപ്പോള്‍ പറയാനാവില്ല. ഈ വിഷയത്തില്‍ എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും എനിക്ക് പോലും അറിയില്ല,' ഭഗവത് പറഞ്ഞു.





Click it and Unblock the Notifications