ആര്‍എസ്എസിന്റെ ഫണ്ടിങ്; മറുപടിയുമായി മോഹന്‍ ഭാഗവത്; സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ അംഗീകരിക്കും
ജയ്പൂര്‍: ആര്‍എസ്എസിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ദീര്‍ഘകാലമായി നടക്കുന്ന ചര്‍ച്ചകളില്‍ വിശദീകരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജയ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുന്ന വേളയിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. സംഘടനയ്ക്ക് ലഭിക്കുന്ന ധനസഹായം പ്രധാനമായും അംഗങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്ന ഗുരുദക്ഷിണയിലൂടെയാണെന്ന് മോഹന്‍ ഭാഗവത് വെളിപ്പെടുത്തി.
ആര്‍എസ്എസ് അതിന്റെ വോളണ്ടിയര്‍മാരുടെ സമര്‍പ്പണത്തിലൂടെയും സംഭാവനകളിലൂടെയും മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാലാണ് ഫണ്ടിങ്ങിനെക്കുറിച്ച് പല തരത്തിലുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നത്.

ഏകാത്മ മാനവ ദര്‍ശന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദീന്‍ദയാല്‍ സ്മാരക പ്രഭാഷണത്തില്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. സംഘത്തിന് എങ്ങനെ ധനസഹായം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ ആര്‍എസ്എസിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും നേരത്തെ തന്നെ ഉത്തരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അംഗങ്ങളുടെ സമര്‍പ്പണ മനോഭാവത്തിലൂടെയാണ് സംഘടന നിലനില്‍ക്കുന്നത്.
അംഗങ്ങള്‍ സ്വന്തം ചെലവില്‍ ഒരു സംഘടന നടത്തുന്നു എന്നത് ആളുകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന ഗുരുദക്ഷിണ ഒരു നിര്‍ബന്ധിത പിരിവല്ല. മറിച്ച് സംഘത്തോടുള്ള അവരുടെ ആത്മാര്‍ത്ഥമായ പ്രതിബദ്ധതയില്‍ നിന്നാണ് അതു നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
സംഘത്തെക്കുറിച്ച് നിരവധി സംശയങ്ങളും ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉണ്ടെങ്കിലും കഴിഞ്ഞ 100 വര്‍ഷമായി ആര്‍എസ്എസ് നിരന്തരം വളര്‍ന്നിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സംഘടനയുടെ ഫണ്ടിങ്ങിനെ കുറിച്ച് നിരന്തരമായ ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു ആര്‍എസ്എസ് മേധാവിയുടെ വിശദീകരണം.
ഇന്ന് സംഘം വളര്‍ന്നു, സൗകര്യങ്ങള്‍ വര്‍ദ്ധിച്ചു, അപ്പോള്‍ അതിന്റേതായ വെല്ലുവിളികളും ഉണ്ടായി. എതിര്‍പ്പിന്റെയും അവഗണനയുടെയും കാലത്ത് നാം എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും നിലനില്‍ക്കണമെന്നും ആ മനോഭാവം മാത്രമേ സംഘത്തെ മുന്നോട്ടു കൊണ്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ ഉയരുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരത്തിനായി ലോകം ഇന്ത്യയിലേക്കാണ് ഉറ്റു നോക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പടിപടിയായി വളരുന്നതിന് പകരം അതിവേഗത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച.
സര്‍സംഘചാലക് സ്ഥാനം സ്വീകരിച്ചതിനെ കുറിച്ചും മോഹന്‍ ഭഗവത് വിശദീകരിച്ചു. സര്‍സംഘചാലക് ആകാന്‍ ആര്‍എസ്എസ് തന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഒരു മടിയും കൂടാതെയാണ് ആ ആവശ്യം സ്വീകരിച്ചത്. നാളെ സംഘം എന്നോട് സ്ഥാനം ഒഴിയാനും തറ വൃത്തിയാക്കാനുള്ള ജോലി ഏല്‍പ്പിച്ചാലും ഞാനത് സ്വീകരിക്കും. അംഗീകാരത്തിനുള്ള ആഗ്രഹമില്ലാതെയാണ് പ്രചാരകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications