ആര്‍എസ്എസ് മേധാവിയുടെ പള്ളി സന്ദര്‍ശനം; 15 ദിവസം പിന്നിട്ടപ്പോഴേക്കും രാഹുലിന്റെ യാത്ര ഫലിച്ചെന്ന് കോൺഗ്രസ്
ദില്ലി: അഖിലേന്ത്യാ ഇമാം ഓർഗനൈസേഷൻ പ്രസിഡന്‍റുമായി ദില്ലി മസ്ജിദിൽ ആർഎസ്എസ് മേധാവി നടത്തിയ കൂടിക്കാഴ്ച ഭാരത് ജോഡോ യാത്രയുടെ ഫലമാണെന്ന് കോൺഗ്രസ്. രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാകൂവെന്നും മോഹൻ ഭാഗവതിനോട് കോൺഗ്രസ് നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കസ്തൂർബ മാർഗിലുള്ള മദ്രസയും പള്ളിയും മോഹൻ ഭാഗവത് സന്ദർശിച്ചത്. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ മുഖ്യ പുരോഹിതൻ ഡോ ഉമർ അഹമ്മദ് ഇല്യാസിയുമായും ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.

'ഭാരത് ജോഡോ യാത്ര ആരംഭിച്ചിട്ട് 15 ദിവസമേ ആയിട്ടുള്ളൂ, അപ്പോൾ തന്നെ അതിന്റെ ഫലം പുറത്തുവന്നു. ഗോഡ്സെ മൂർദാബാദ് എന്ന് ബി ജെ പി വക്താവ് അടുത്തിടെ ടിവിയിൽ പറഞ്ഞു. മോഹൻ ഭഗവത് അന്യമതത്തിൽപ്പെട്ട ഒരാളുടെ വീട്ടിൽ പോയി. ഇതാണ് ഭാരത് ജോഡോ യാത്രയുടെ ഫലം'കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോഴേക്കും രാജ്യത്ത് ഭരണകുടം സൃഷ്ടിച്ച ഭിന്നിപ്പും വിദ്വേഷവും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഈ 15 ദിവസത്തെ യാത്ര നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരു മണിക്കൂർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധിക്കൊപ്പം കൈയിൽ ത്രിവർണ്ണ പതാകയുമേന്തി നടക്കണം', ഭാഗവതിനോടായി വല്ലഭ് പറഞ്ഞു. അതേസമയം പവൻ ഖേരയുടെ സമാന പ്രതികരണം പങ്കുവെച്ചിരുന്നു. ഭാരത് ജോഡോ 15 ദിവസം പൂർത്തിയായപ്പോൾ ബിജെപി നേതാക്കൾ ഗോഡ്സേക്ക് മൂർദാബാദ് വിളിക്കുന്നു, മന്ത്രിമാർ വർഗീയ പ്രതികരണങ്ങളിൽ ജാഗരൂകരാകുന്നു, ഭാഗവത് ഇമാമിനെ സന്ദർശിക്കുന്നു. ഇനി എന്താണ് അടുത്തത് സംഭവിക്കുന്നതെന്ന് കാത്തിരന്ന് കാണാം, എന്നായിരുന്നു പവൻ ഖേരയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസം ദില്ലിയിലെ കസ്തൂർബ ഗാന്ധി മാർഗിലെ ഒരു പള്ളി സന്ദർശിച്ച ശേഷം, ഭഗവത് പഴയ ദില്ലിയിലെ ആസാദ് മാർക്കറ്റ് മദ്രസ തജ്വീദുൽ ഖുറാനിലുമെത്തി. അവിടെയുള്ള കുട്ടികളുമായും അധ്യാപകരുമായും സംസാരിച്ചിരുന്നു.ഉമർ അഹമദ് ഇല്ല്യാസിയുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം മോഹൻ ഭഗവത് ചർച്ച നടത്തി.കഴിഞ്ഞ മാസവും ഇല്യാസിയുമായി ഭാഗവത് കൂടിക്കാഴ്ട നടത്തിയിരുന്നു. ഹിജാബ് വിവാദം, ഗ്യാൻവാപി, വിദ്വേഷ പ്രസംഗത്തിന്‍റെ ഫലമായുണ്ടാകുന്ന സാമുദായിക സംഘര്‍ഷം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് ആർ എസ് എസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.












Click it and Unblock the Notifications