ജാതി സെന്‍സസിന് പിന്തുണയെന്ന സൂചന നല്‍കി ആര്‍എസ്എസും; 'രാഷ്ട്രീയ ഉപകരണമാക്കരുത്'
ന്യൂഡല്‍ഹി: ജാതി സെന്‍സസിനെ പിന്തുണയ്ക്കുന്നു എന്ന പരോക്ഷ സൂചനയുമായി ആര്‍എസ്എസ്. ജാതി സെന്‍സസ് സെന്‍സിറ്റീവ് ആയ വിഷയമാണ് എന്നും എന്നാല്‍ ഇത് രാഷ്ട്രീയമായോ തിരഞ്ഞെടുപ്പോ ആവശ്യങ്ങള്‍ക്കായോ ഉപയോഗിക്കരുത് എന്ന് ആര്‍എസ്എസ് മുഖ്യ വക്താവ് സുനില്‍ അംബേക്കര്‍. ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ജാതിസെന്‍സസ് ഉപകാരപ്രദമാകും എന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് നടക്കുന്ന ആര്‍എസ്എസിന്റെ ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ അവസാന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അംബേക്കര്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണത്തില്‍ ബന്ധപ്പെട്ട സമുദായങ്ങളുടെ സമവായമില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തെ ജാഗ്രതയോടെയാണ് സമീപിക്കുന്നത്.

''എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെയോ ജാതികളെയോ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായി വരുമെന്ന് ആര്‍എസ്എസ് കരുതുന്നു. സര്‍ക്കാരിന് അതിന് കണക്കുകള്‍ ആവശ്യമാണ്. നേരത്തെയും സര്‍ക്കാര്‍ അത്തരം ഡാറ്റ എടുത്തിട്ടുണ്ട്. പക്ഷേ അത് ആ സമുദായങ്ങളുടെയും ജാതികളുടെയും ക്ഷേമത്തിന് വേണ്ടി മാത്രമായിരിക്കണം,' അംബേക്കര്‍ വ്യക്തമാക്കി.
ജാതി, ജാതി ബന്ധങ്ങള്‍ എന്നിവ ഹിന്ദു സമൂഹത്തില്‍ സെന്‍സിറ്റീവ് വിഷയങ്ങളാണ് എന്നും ഇത് നമ്മുടെ ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഇത് വളരെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യണം. ഭരണഘടനാപരമായ സംവരണം വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനെ എപ്പോഴും ആര്‍എസ്എസ് പിന്തുണച്ചിട്ടുണ്ട്.
കോടതിയില്‍ ചര്‍ച്ച ചെയ്തത് വളരെ സെന്‍സിറ്റീവായ വിഷയമാണ്. സര്‍ക്കാരും മറ്റ് ബന്ധപ്പെട്ട് അധികാരികളും ഒരു തീരുമാനം എടുക്കണം എന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യത്തിനും ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയാണ് ആര്‍എസ്എസ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതെന്ന് അംബേക്കര്‍ പറഞ്ഞു. അതേസമയം ജാതി സെന്‍സസ് എന്ന ആവശ്യത്തെ ബിജെപി പരസ്യമായി എതിര്‍ത്തിട്ടില്ലെങ്കിലും അത് നടപ്പിലാക്കുന്നതിന് വേണ്ട പ്രതിജ്ഞാബദ്ധതയൊന്നും കാണിക്കുന്നില്ല എന്ന വിമര്‍ശനം ഉയരുന്നുണ്ട്.
അതിനിടെയാണ് ആര്‍എസ്എസിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷം ജാതിസെന്‍സസിനായി മുറവിളി കൂട്ടുന്നുണ്ട്. മാത്രമല്ല എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്നിവരും ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ബിഹാറിലെ ജെഡിയു നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ജാതി സര്‍വേ നടത്തിയിരുന്നു.












Click it and Unblock the Notifications