മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്; നിതിന്‍ ഗഡ്ഗരി മുഖ്യമന്ത്രി ആയേക്കുമോ? ആര്‍എസ്എസ് നിര്‍ദ്ദേശം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇതുവരെ അന്തിമ തിരുമാനം കൈക്കൊള്ളാന്‍ ബിജെപി-ശിവസേന സഖ്യത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പദം നല്‍കാതെ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സേന. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിച്ച് മറ്റെന്തും നല്‍കാമെന്നാണ് ബിജെപി നിലപാട്. ഇതോടെ കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ തിരക്കിട്ട നീക്കങ്ങളാണ് മഹാരാഷ്ട്ര ബിജെപിയില്‍ നടക്കുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ ആര്‍എസ്എസ് വിഷയത്തില്‍ ഇടപെട്ടിരുന്നു. ശിവസേനയുമായി തന്നെ സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരണമെന്നാണ് ആര്‍എസ്എസ് നിലപാട്. നിതിന്‍ ഗഡ്ഗരിയെ മുഖ്യമന്ത്രിയാക്കി സേനയെ മെരുക്കാനുള്ള തന്ത്രങ്ങളാണ് ആര്‍എസ്എസ് മുന്നോട്ട് വെച്ചത്. വിശദാംശങ്ങളിലേക്ക്

പ്രതിസന്ധി രൂക്ഷം
50:50 ഫോര്‍മുലയാണ് ശിവസേന തുടക്കം മുതല്‍ തന്നെ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം തുല്യമായി വീതിച്ച് നല്‍കണമെന്നതാണ് ആവശ്യം. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും നല്‍കാമെന്നാണ് ബിജെപിയുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ ശിവസേന തയ്യാറല്ല.

എതിര്‍പ്പ്?
ഇതിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭ കക്ഷി നേതാവായി ബിജെപി തിരഞ്ഞെടുക്കുകയും ചെയ്തു. താന്‍ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും എന്നാണ് ഫഡ്നാവിസ് ആവര്‍ത്തിക്കുന്നത്. എന്നാല്‍
ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുന്നതിനോട് ബിജെപിയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

ആര്‍എസ്എസ് നിര്‍ദ്ദേശം
തന്‍റെ മുഖ്യമന്ത്രി കസേരയ്ക്ക് തടസം നില്‍ക്കുന്നുവെന്ന് തോന്നുന്നവര്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ ഫഡ്നാവിസ് സീറ്റുകള്‍ നിഷേധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫഡ്നാവിസിനെ വേണ്ടത്ര പിന്തുണ പാര്‍ട്ടിക്കുള്ളില്‍ ഇല്ല. ഈ സാഹചര്യത്തില്‍ നിതിന്‍ ഗഡ്ഗരിയെ മുഖ്യമന്ത്രിയാക്കി ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയേയും മെരുക്കാം എന്ന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് മുന്നോട്ട് വെച്ചതെന്നാണ് വിവരം.

നിര്‍ദ്ദേശിച്ചു
നാഗ്പൂരില്‍ ചൊവ്വാഴ്ച ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് നിതിന്‍ ഗഡ്ഗരിയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു മുന്നോട്ട് വെച്ചതെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. സഖ്യത്തിനുള്ളിലെ പ്രശ്നം പരിഹരിക്കാന്‍ ഗഡ്ഗരി മധ്യസ്ഥനാവണമെന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചിരുന്നു.

അടുത്ത ബന്ധം
അന്തരിച്ച ശിവസേന തവലന്‍ ബാല്‍ സാഹെബ് താക്കറെയുടെ ഉറ്റസുഹൃത്തായ ഗഡ്കരി മുംബൈ ബാന്ദ്രയിലുള്ള താക്കറെയുടെ വസതിയായ മാതോഷ്രിയിലെ പതിവ് സന്ദർശകനായിരുന്നു. ശിവസേനയും ബിജെപിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോഴൊല്ലാം മധ്യസ്ഥത വഹിക്കുന്നതും ഗഡ്ഗരിയാണ്.

താക്കറെയുടെ സുഹൃത്ത്
1995-1999 നും കാലഘട്ടത്തില്‍ ശിവസേന-ബിജെപി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോള്‍ മുംബൈ-പൂനെ എക്സ്പ്രസ് വേ പദ്ധതി നടപ്പാക്കിയത് നിതിന്‍ ഗഡ്ഗരിയാണ്. രാജ്യത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ഈ എക്സ്പ്രസ് വേ നിര്‍ദ്ദേശിച്ച് താക്കറെയായിരുന്നു.

എതിര്‍ക്കില്ല
ഒരിക്കല്‍ മുംബൈ-പൂനെ ഹൈവേയില്‍ ഗതാഗത കുരുക്കില്‍ പെട്ടപ്പോള്‍ ശിവസേന അധികാരത്തിലേറിയാല്‍ എക്സ്പ്രേ നടപ്പിലാക്കുമെന്ന് താക്കറെ പ്രഖ്യാപിച്ചു. ഇതാണ് ഗഡ്ഗരി നടപ്പാക്കിയത്. ശിവസേനയുമായി ഇത്ര അടുത്ത ബന്ധം സൂക്ഷിക്കുന്ന ഗഡ്ഗരിയെ മുഖ്യമന്ത്രിയാക്കുന്നതിനോട് ഉദ്ദവ് താക്കറെയും എതിര് നില്‍ക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

പരാജയപ്പെട്ടു
ഗഡ്ഗരി മുഖ്യമന്ത്രിയാവണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടാല്‍ ഒരുപക്ഷേ അത് ബിജെപിയുടെ കൂടി വിജയമായി കണക്കാക്കപ്പെട്ടേക്കുമെന്ന വിലയിരുത്തലും ഉണ്ട്. അതിനിടെ ബിജെപിയെ പുറത്ത് നിര്‍ത്തി എന്‍സിപിയുമായി ചേര്‍ന്ന് അധികാരത്തിലേറാനുള്ള ശിവസേനയുടെ അവസാന വട്ട നീക്കങ്ങള്‍ പരാജയപ്പെട്ടു.

കൂടിക്കാഴ്ചയില്‍
ജനങ്ങള്‍ തങ്ങളോട് പ്രതിപക്ഷത്തിനിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും ശിവസേനയും ബിജെപിയും ഉടന്‍ തന്നെ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഏറണമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പദം എന്ന ആവശ്യം പതിനൊന്നാം മിനിറ്റിലും ബിജെപി തള്ളിയതോടെ ശിവസേന എംപി സഞ്ജയ് റൗത്ത് ഇന്ന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്.

സര്‍ക്കാര്‍ രൂപീകരിക്കണം
സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഭരിക്കാനുള്ള ജനവിധിയാണ് ബിജെപി-ശിവസേന സഖ്യത്തിന് ലഭിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബിജെപിയും ഒരുമിച്ചാണ്. ഇന്നല്ലേങ്കില്‍ നാളെ അവര്‍ വീണ്ടും ഒന്നിച്ചാകും. അതുകൊണ്ട് തന്നെ എന്‍സിപി ശിവസേനയ്ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും പവാര്‍ വ്യക്തമാക്കി.

ഷായുടെ നിര്‍ദ്ദേശം
അവസാന നീക്കവും പൊളിഞ്ഞതോടെ ശിവസേന മുഖ്യമന്ത്രി പദത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ശിവസേന തയ്യാറായില്ലേങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications