'ഇന്ത്യയെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് സംഘപരിവാർ വ്യാമോഹം', പോരാട്ടം ആളിപ്പടരുമെന്ന് പിണറായി
രാജ്യതലസ്ഥാനത്ത് സിപിഎം അടക്കമുളള ഇടതുപക്ഷ പ്രസ്ഥാനങ്ങളും സിജെപിയും നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്താനുളള നീക്കങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യയെ 'പോലീസ് സ്റ്റേറ്റ്' ആക്കി മാറ്റാമെന്നാണ് സംഘപരിവാർ വ്യാമോഹിക്കുന്നതെന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ പ്രതികരിച്ചു.
പിണറായി വിജയൻ അടക്കമുളള ഇടത് നേതാക്കൾ, അഭിജീത് ദീപ്കെ അടക്കമുളള സിജെപി നേതാക്കൾ എന്നിവരെയെല്ലാം ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പ്രതിഷേധക്കാരെ ജന്തർ മന്തിറിലേക്ക് എത്താൻ അനുവദിക്കാതെ പോലീസുകാർ അടിച്ചോടിക്കുന്ന കാഴ്ചയിലാണ് ഡൽഹിയിലെമ്പാടും കാണുന്നത്. പിണറായി വിജയൻ അടക്കമുളള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് മന്ദിർ മാർഗ് സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്.
പിണറായി വിജയന്റെ പ്രതികരണം: ''രാജ്യതലസ്ഥാനത്തെ തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ് എൻഡിഎ സർക്കാർ. ഏകാധിപത്യത്തിന്റെ കോട്ടകളെ തകർത്തെറിയുന്നത് ഇതേ ജനസഞ്ചയമാണെന്ന് ആർഎസ്എസ് നയിക്കുന്ന സർക്കാർ മനസ്സിലാക്കുന്നത് നല്ലതാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഒഴുകിയെത്തിയ ആയിരക്കണക്കിന് മനുഷ്യരെ സായുധ പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും ഇറക്കി അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.

ജനാധിപത്യത്തിന്റെ അടിത്തറയായ ജനങ്ങളുടെ വോട്ടവകാശത്തെപ്പോലും അട്ടിമറിക്കാൻ ഭരണകൂട ഒത്താശയോടെ നടക്കുന്ന നീക്കങ്ങൾക്കെതിരെയാണ് ഈ പ്രതിഷേധക്കടലിരമ്പം. സമരമുഖത്തേക്ക് കാലെടുത്തുവെക്കുന്നവരെ വഴിനീളെ തടഞ്ഞുവെച്ചും കണ്ണിൽക്കണ്ടവരെയെല്ലാം വലിച്ചിഴച്ച് അറസ്റ്റ് ചെയ്തും ഇന്ത്യയെ 'പോലീസ് സ്റ്റേറ്റ്' ആക്കി മാറ്റാമെന്നാണ് സംഘപരിവാർ വ്യാമോഹിക്കുന്നത്.
ജനാധിപത്യ സ്ഥാപനങ്ങളെ വരുതിയിലാക്കി ജനങ്ങളുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാം എന്ന് കരുതുന്നവർ ഈ നാടിന്റെ ചരിത്രം ഓർക്കണം. ഭരണകൂട ഭീകരതയുടെ ലാത്തിക്കും കണ്ണീർവാതകത്തിനും മുന്നിൽ ഒരിക്കലും മുട്ടുമടക്കിയിട്ടില്ലാത്ത പോരാട്ടങ്ങളുടെ മണ്ണാണിത്. അടിച്ചമർത്താൻ ശ്രമിക്കുംതോറും ഈ പോരാട്ടവീറ് പത്തിരട്ടിയായി ആളിപ്പടരുകയേ ഉള്ളൂ.
ഭരണഘടനയെയും ജനങ്ങളുടെ പരമാധികാരത്തെയും സംരക്ഷിക്കാനുള്ള ഈ അതിജീവന പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് ഒരു ഇടതുപക്ഷ പ്രവർത്തകൻ എന്ന നിലയിൽ അഭിമാനകരമാണ്. ഇത് ഭരണഘടനയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ്; വോട്ടവകാശം സംരക്ഷിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത യുദ്ധമാണ്. രാജ്യത്തെ എല്ലാ പോലീസ് സന്നാഹങ്ങളെ അണിനിരത്തിയാലും ജനങ്ങളുടെ ചെറുത്തുനിൽപ്പിന് മുന്നിൽ നിങ്ങൾക്ക് തലകുനിക്കേണ്ടി വരും. ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ. പോരാട്ടം തുടരുക തന്നെ ചെയ്യും''.


Click it and Unblock the Notifications
