മുസ്ലീംപേരുള്ള പ്രമുഖ നഗരങ്ങള്‍ക്ക് ഹിന്ദു പേര് നല്‍കണമെന്ന് ആര്‍എസ്എസ്
ഹൈദരാബാദ്: മുസ്ലീം നാമമുള്ള പ്രമുഖ നഗരങ്ങളായ ഹൈദരാബാദ്, അഹമ്മദാബാദ്, ഔറംഗാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ആര്‍എസ്എസ് രംഗത്തെത്തി. ഹൈദരാബാദിന് ഐശ്വര്യത്തിന്റെ ദേവിയായ ഭാഗ്യലക്ഷ്മിയുടെ പേരും, അഹമ്മദാബാദിന് ഹിന്ദു രാജാവ് കരണ്‍ ദേവിന്റെ പേരും, ഔറംഗാബാദിന് ഛത്രപതി സാംഭജിയുടെ പേരും നല്‍കണമെന്നാണ് ആര്‍എസ്എസ്സിന്റെ ആവശ്യം.
ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളതാകണം സ്ഥലപ്പേരുകളെന്നാണ് ആര്‍ എസ് എസ് പറയുന്നത്. അതാത് സ്ഥലങ്ങള്‍ ആക്രമിച്ചവരുടെ പേരുകളല്ല ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവുമെല്ലാം ഉള്‍ക്കൊള്ളുന്നവയാകണം സ്ഥലനാമങ്ങളെന്ന് ആര്‍എസ്എസ് വക്താവ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നു.

നേരത്തെ ഗുഡ്ഗാവിന്റെ പേരുമാറ്റി ഗുരുഗ്രാമം എന്നാക്കി മാറ്റിയിരുന്നു ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍. രാജ്യത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലീം പേരുകളില്‍ പോലും ആര്‍എസ്എസ് ഇടപെടുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ ഉന്നത സ്വാധീനമുള്ള ആര്‍എസ്എസ് ഇത്തരം പ്രവര്‍ത്തികളാല്‍ നേരത്തെയും വിവാദമുണ്ടാക്കിയിരുന്നു.
രാജ്യത്തെ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നും മുസ്ലീം ചരിത്ര കഥകള്‍ മാറ്റിയതും ചിലയിടങ്ങളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന രീതിയിലുള്ള സിലബസുകള്‍ നടപ്പാക്കിയതും വിവാദത്തിനിടയാക്കി.












Click it and Unblock the Notifications