റഷ്യന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി; 40 മിനിറ്റോളം നീണ്ടുനിന്നു
ദില്ലി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സെര്‍ജി ലാവ്റോവുമായുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്ന് പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി ഒരു സന്ദേശം അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ന് രാവിലെ ലാവ്റോവ് പറഞ്ഞിരുന്നു. പ്രസിഡന്റും പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്, എന്റെ ചര്‍ച്ചകളെക്കുറിച്ച് ഞാന്‍ പ്രസിഡന്റിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം തന്റെ പ്രാരംഭ പരാമര്‍ശം നടത്തിയത്.

റഷ്യയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് പരിണിതഫലങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്കെതിരായ കടുത്ത സമ്മര്‍ദ്ദത്തിനിടയിലാണ് റഷ്യന്‍ മന്ത്രിയുടെ സന്ദര്‍ശനം. അതേസമയം, യുകെ, ചൈന, ഓസ്ട്രിയ, ഗ്രീസ്, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരെ ഒന്നും തന്നെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിട്ടില്ല.
ഇതിനിടെ, റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്റോവ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, യു എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ്, റഷ്യയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധം വളച്ചൊടിക്കാന്‍ സജീവമായി ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു .
അതേസമയം, റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ വ്യാപാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അധിനിവേശം തുടരുന്ന യുക്രെയിനുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും യുക്രെയിനിലേത് യുദ്ധമല്ലെന്നും സൈനിക നടപടി മാത്രമാണെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
യുക്രെയിനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് . ഈ സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യ അടുത്തിടെ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications