ഇന്ത്യയിലേക്കുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍; തീവ്രവാദികളെ വേട്ടയാടാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. തന്റെ നല്ല സുഹൃത്തായ മോദിയുടെ ക്ഷണം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സ്വീകരിച്ചതായി ക്രെംലിന്‍ വൃത്തങ്ങളാണ് പുറത്തുവിട്ടത്.
പുടിനുമായി മോദി ദീര്‍ഘനേരം ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനു ശേഷമാണ് ക്രെംലിന്‍ പ്രസ്താവന പുറത്തിറക്കിയത്. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലേക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനെ ക്ഷണിച്ചത്.
നയതന്ത്ര തലത്തിലും വ്യാപാരത്തിലും ഇന്ത്യയും റഷ്യയുമായി ദീര്‍ഘകാലമായി അടുത്ത ബന്ധമാണുള്ളത്. ഇതിനു മുന്‍പ് 2021 ഡിസംബര്‍ ആറിനാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. യുക്രൈനുമായി യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യത്തെ സന്ദര്‍ശനമാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പുടിന് വിദേശ രാജ്യങ്ങളില്‍ പോകുന്നതിന് പരിമിതിയുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പുടിന്‍ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പറഞ്ഞതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. നിരപരാധികള്‍ക്കു സംഭവിച്ച ജീവഹാനിയില്‍ പുടിന്‍ അഗാധമായ അനുശോചനം അറിയിച്ചു.
ക്രൂരമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു - രണ്‍ധീര്‍ ജയ്‌സ്വാള്‍ സമൂഹ മാധ്യമമായ എക്സിലൂടെ വ്യക്തമാക്കി.
ഇരു നേതാക്കളും നയതന്ത്ര തലത്തിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. വിക്ടറി ഡേയുടെ 80-ാം വാര്‍ഷിക ആഘോഷത്തില്‍ പ്രധാനമന്ത്രി, പ്രസിഡന്റ് പുടിന് ആശംസകള്‍ അറിയിച്ചു. രണ്ടാം ലോകമഹാ യുദ്ധത്തില്‍ ജര്‍മനിക്കെതിരായ റഷ്യയുടെ വിജയത്തിന്റെ വാര്‍ഷികാഘോഷമാണ് വിക്ടറി ഡേ.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായതിനെ തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്ക്കോ ചൈനയ്ക്കോ കഴിയുമെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. റഷ്യ ഇടപെടണമെന്ന് പാക് അംബാസിഡറും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്‍ മോദിയെ വിളിച്ച് പൂര്‍ണ പിന്തുണ അറിയിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭീകരതയ്ക്ക് എതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഐക്യരാഷട്ര സഭയും സംഘര്‍ഷം മൂര്‍ഛിക്കാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications