ഗെലോട്ടുമായി പ്രശ്‌നങ്ങളില്ല, എല്ലാം പരിഹരിച്ചു; ഖാര്‍ഗെ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി സച്ചിന്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. അശോക് ഗെലോട്ടുമായിതനിക്ക് പ്രശ്‌നങ്ങളില്ല. കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകാന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നോട് ആവശ്യപ്പെട്ടുവെന്ന് സച്ചിന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സച്ചിന്‍ വ്യക്തമാക്കി.
പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സച്ചിന്റെ പരാമര്‍ശം. എല്ലാ ക്ഷമിച്ചും മറന്നും മുന്നോട്ട് പോകാമെന്ന് തന്നോട് ഖാര്‍ഗെ പറഞ്ഞു. അതൊരു ഉപദേശമായിരുന്നു. ഒപ്പമൊരു നിര്‍ദേശം കൂടിയായിരുന്നുവെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.അശോക് ഗെലോട്ട് എന്നേക്കാള്‍ സീനിയറായിട്ടുള്ള നേതാവാണ്. അദ്ദേഹത്തിന് പരിചയസമ്പത്തുമുണ്ട്. ഒരുപാട് ബാധ്യതകള്‍ അദ്ദേഹത്തിനുണ്ട്. ഞാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോള്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. അതേ കാര്യം തന്നെയാണ് ഇപ്പോള്‍ ഗെലോട്ടും ചെയ്യുന്നതെന്നും സച്ചിന്‍ പറഞ്ഞു.

പാര്‍ട്ടിയും ജനങ്ങളുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു വ്യക്തിയേക്കാള്‍ പ്രധാനപ്പെട്ടതാണ് ഈ കാര്യങ്ങള്‍. ഇക്കാര്യം എനിക്കും ഗെലോട്ടിനും നന്നായിട്ടറിയാം. മുമ്പ് ഗെലോട്ട് പറഞ്ഞ കാര്യങ്ങളിലൊന്നും എനിക്ക് പരാതിയില്ല. ഭാവിയിലേക്കായിരിക്കണം നമ്മുടെ ശ്രദ്ധ എന്ന് ഖാര്‍ഗെ തന്നോട് പറഞ്ഞുവെന്നും സച്ചിന്‍ വ്യക്തമാക്കി.എല്ലാ കാര്യങ്ങളും ക്ഷമിക്കണം. എന്നിട്ട് മുന്നോട്ട് പോകണം. ഇത് എല്ലാ നേതാക്കള്‍ക്കും ബാധകമാണ്. ഖാര്‍ഗെ പറഞ്ഞ ഈ വാക്കുകളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തേണ്ടത് ഈ രാജ്യത്തിന് ആവശ്യമാണ്.
ജനങ്ങളുടെ അനുഗ്രഹമാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്. ജനങ്ങള്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്വീകാര്യമായ രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് മുമ്പ് എന്തൊക്കെ പറഞ്ഞുവെന്നത് പ്രസക്തമല്ല. എനിക്ക് മോശമെന്ന് തോന്നുന്ന വാക്കുകളൊന്നും ഞാന്‍ ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.
പൊതുജീവിതത്തില്‍ എപ്പോഴും മാന്യത പുലര്‍ത്തുന്നതാണ് നല്ലത്. എനിക്ക് കേള്‍ക്കുമ്പോള്‍ മോശം തോന്നുന്ന വാക്കുകളൊന്നും ഞാന്‍ പറയാറില്ല. അത് പൊതുജീവിതത്തില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും അങ്ങനെയാണ്. അടുത്ത വെല്ലുവിളി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ്. വ്യക്തികളോ, അവരുടെ പ്രസ്താവനകളോ ഒന്നും വിഷയമല്ല. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും പൈലറ്റ് വ്യക്തമാക്കി. നേരത്തെ പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പിലെത്തിയെന്നും, തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.












Click it and Unblock the Notifications