'പാർട്ടി വിരുദ്ധം'; സച്ചിനെതിരെ കടുപ്പിച്ച് ഹൈക്കമാന്റ്..കോൺഗ്രസ് വിടുമോ?
ജയ്പൂർ; സച്ചിൻ പൈലറ്റിന്റെ നിരാഹരസമരത്തിനെതിരെ കടുത്ത നിലപാടുമായി ഹൈക്കമാന്റ്. പൈലറ്റിന്റേത് പാർട്ടി വിരുദ്ധ നടപടിയാണെന്നും സർക്കാരിനെതിരെ പരാതിയുണ്ടെങ്കിൽ അത് മാധ്യമങ്ങൾക്കും പൊതുജനത്തിനും മുൻപിൽ അല്ല ചർച്ച ചെയ്യേണ്ടതെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. എന്നാൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ ഉപവാസ സമരവുമായി മുന്നോട്ട് പോകുകയാണ് സച്ചിൻ പൈലറ്റ്.
'സച്ചിൻ പൈലറ്റിന്റെ ചൊവ്വാഴ്ചത്തെ ഉപവാസം പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. സ്വന്തം സർക്കാരുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരസ്യമായി ചർച്ച ചെയ്യുന്നതിന് പകരം പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടത്', സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖിന്ദർ സിംഗ് രാൺദാവ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹിയാണ് ഞാൻ. പൈലറ്റ് എന്നോട് ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. ഞാൻ അദ്ദേഹവുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ കരുത്ത് കൂടിയായ നേതാവെന്ന നിലയിൽ സമാധാനപൂർവ്വമായ ചർച്ച നടത്താൻ അദ്ദേഹത്തോട് ഞാൻ അഭ്യർത്ഥിക്കുകയാണ്', രൺധാവ പറഞ്ഞു.
മുന്‍ ബി ജെ പി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടാണ് പൈലറ്റ് ഉപവാസ സമരം നടത്തുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് അധികാരത്തിലേറുമ്പോൾ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമാണിതെന്നും ഈ ഉറപ്പുകൾ സർക്കാർ പാലിക്കണമെന്നുമാണ് സച്ചിന്റെ ആവശ്യം.

'മുൻ വസുന്ധര രാജെ സർക്കാരിന്റെ അഴിമതിക്കെതിരെ ഒരു നടപടിയും ഗെലോട്ട് സർക്കാർ എടുത്തിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ 45,000 കോടി രൂപയുടെ ഖനി അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു', ഉപവാസ സമരത്തിന് തൊട്ട് മുൻപ് മാധ്യമങ്ങളോട് സച്ചിൻ പറഞ്ഞിരുന്നു.
വിഷയം വിശദീകരിച്ച് ഗെഹ്ലോട്ടിന് താൻ കഴിഞ്ഞ വർഷം രണ്ട് കത്തുകൾ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അതിനുശേഷമാണ് ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉപവാസ സമരത്തിന് നേതൃ തർക്കവുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് അഴിമതിക്കാർക്കെതിരെ പ്രവർത്തിക്കാനുള്ള ആഹ്വാനമാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആര് നയിക്കും എന്നത് സംബന്ധിച്ച് നേതൃത്വത്തിന്റെ നിലപാട് അറിയാനുള്ള സച്ചിന്റെ സമ്മർദ്ദ തന്ത്രമായിട്ടാണ് നീക്കത്തെ വിലയിരുത്തപ്പെടുന്നത്. തന്റെ മുഖ്യമന്ത്രി മോഹം പലപ്പോഴായി സച്ചിൻ പ്രകടിപ്പിക്കുകയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്ലോട്ടിനെ മാറ്റാൻ ആവശ്യപ്പെട്ട് വിമത നീക്കം നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ നിലവിൽ ഗെഹ്ലോട്ടിനാണ് എംഎൽഎമാരുടെ പിന്തുണ എന്നിരിക്കെ ഇപ്പോൾ സച്ചിന് അനുകൂലമായി നിലപാട് എടുക്കുന്നത് വലിയ തിരിച്ചടിയ്ക്ക് കാരണമാകുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിന് ഉണ്ട്. നേരത്തേ അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിയമിച്ച് സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതകൾ ഹൈക്കമാന്റ് പരിശോധിച്ചപ്പോൾ തന്നെ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ 90 ഓളം എംഎൽഎമാർ വിമത സ്വരം ഉയർത്തുകയും രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കുകയും ചെയ്തിരന്നു.
അതിനിടെ സച്ചിന്റെ ആരോപണങ്ങൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് പവൻഖേര രംഗത്തെത്തി. പൈലറ്റിന്റെ വാദം തെറ്റാണെന്നും സഞ്ജീവനി കുംഭകോണത്തില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് ഗജേന്ദ്ര ഷെഖാവത്തിനെതിരേ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹൈക്കമാന്റ് നേതൃത്വം കടുത്ത നിലപാട് എടുക്കുന്ന സാഹചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സച്ചിൻ പൈലറ്റും കോൺഗ്രസിന് പുറത്തേക്ക് പോകുമോയെന്ന ചർച്ചകളാണ് ഉയരുന്നത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് വെറും 7 മാസം മാത്രം ബാക്കി നിൽക്കെ അത്തരമൊരു മണ്ടത്തരം സച്ചിൻ ചെയ്യില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.












Click it and Unblock the Notifications