ദാദ്രിയില്‍ മൗനം വെടിഞ്ഞ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ്
ദില്ലി: ദാദ്രി സംഭവത്തില്‍ ഏറെ വൈകിയാണെങ്കിലും മൗനം വെടിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സച്ചിന്‍ ചോദ്യം ചെയ്തു.
ദാദ്രി കൊലപാതകത്തെ നിസ്സാരവത്കരിക്കാനാണ് പ്രധാനമന്ത്രിയുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ശ്രമമെന്ന് സച്ചിന്‍ ആരോപിച്ചു. ലോകം മുഴുവന്‍ കാണുന്ന സംഭവമാണിത്. ഇത്തരത്തിലുള്ള ഒരു വിഷയത്തെ നിസ്സാരവത്സരിക്കാനുള്ള ശ്രമം പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാന്‍ മാത്രമേ സഹായിക്കുകയുള്ളുവെന്ന് സച്ചിന്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ അസഹിഷ്ണുതയുള്ള സമൂഹമായാണ് ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും നടക്കുന്ന ഗൗരവമുള്ള ദൈനംദിന കാര്യങ്ങള്‍ കാണാനും പ്രതികരിക്കാനും കേന്ദ്രസര്‍ക്കാരിന് കഴിയണം. വിഭാഗീയ ശക്തികള്‍ രാജ്യത്തിന്റെ പൈതൃക മൂല്യങ്ങളെ നശിപ്പിക്കുന്നത് അനുവദിക്കരുതെന്നും സച്ചിന്‍ വ്യക്തമാക്കി.
ബിജെപി ശ്രമം ഇന്ത്യയുടെ മതേതര ചിന്താഗതികളെ വിഭജിക്കാനാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ല. വര്‍ഗീയ ശക്തികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടറങ്ങണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ മുസ്ലീം മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്തിട്ടും ആഴ്ചകള്‍ കഴിഞ്ഞാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.












Click it and Unblock the Notifications