ഇവിടുന്ന് എന്നെ എങ്ങോട്ടും നോക്കേണ്ട, രാജസ്ഥാനില്‍ നില്ക്കാനുറച്ച് സച്ചിന്, ഓപ്ഷനില്ലാതെ രാഹുല്‍
ദില്ലി: രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനെ ദില്ലിയിലേക്ക് മാറ്റാനുള്ള അശോക് ഗെലോട്ടിന്റെ നീക്കം നടക്കില്ല. ഹൈക്കമാന്‍ഡിന് കൃത്യമായ സന്ദേശം നല്‍കിയിരിക്കുകയാണ് സച്ചിന്. തന്നെ രാജസ്ഥാന് വിട്ട് എങ്ങോട്ടും പ്രതീക്ഷിക്കേണ്ടെന്ന് സച്ചിന് അറിയിച്ചിരിക്കുകയാണ്. സച്ചിനെ ദേശീയ തലത്തിലേക്ക് മാറ്റി രാജസ്ഥാനില്‍ സമ്പൂര്‍ണ നിയന്ത്രണമായിരുന്നു അശോക് ഗെലോട്ട് ലക്ഷ്യമിട്ടത്. ഹൈക്കമാന്‍ഡില്‍ ഇതിനായി സമ്മര്‍ദവും ചെലുത്തിയിരുന്നു. സച്ചിനൊപ്പമുള്ളവരെ മന്ത്രിസഭയില്‍ എടുത്ത് പകരം സച്ചിനെ സംസ്ഥാനങ്ങളുടെ ചുമതലയിലേക്ക് മാറ്റുകയായിരുന്നു രാഹുലും മുന്നില്‍ കണ്ടിരുന്നത്.
എഐസിസിയില്‍ ജനറല്‍ സെക്രട്ടറിയാക്കാന്‍ സച്ചിനെ രാഹുല്‍ പരിഗണിക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് സച്ചിനെ ദില്ലിയിലേക്ക് വിളിപ്പിക്കാനിരിക്കുകയാണ്. 2023ല്‍ അശോക് ഗെലോട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കട്ടെ എന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുലിന്റെ ഈ നിലപാടിനോട് സച്ചിന് താല്പര്യംമില്ല. 2023ല്‍ രാജസ്ഥാന് നിലനിര്‍ത്താന്‍ താന്‍ സംസ്ഥാനത്ത് വേണമെന്നാണ് സച്ചിന്റെ നിലപാട്. സച്ചിനുമായി ചേര്‍ന്ന് പോകാതെ നിവൃത്തിയില്ലെന്നാണ് ഗെലോട്ടും കരുതുന്നത്. എന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും നല്‍കില്ല.
Recommended Video
സച്ചിന് രാജസ്ഥാനില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുകയും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്താല്‍ അതോടെ ഗെലോട്ട് അപ്രസക്തനാവും. നിലവിലെ സാഹചര്യത്തില്‍ ഗെലോട്ട് നയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്താനുള്ള സാധ്യത കുറവാണ്. ഗെലോട്ടിന്റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ശക്തമാണ്. നേരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേതൃത്വമില്ലാതിരുന്നിട്ട് കൂടി ബിജെപി നേട്ടം സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സച്ചിനെ കൈവിട്ടാല്‍ മീണകളുടെയും ഗുജ്ജാറുകളുടെയും പിന്തുണ ഗെലോട്ടിന് നഷ്ടമാകും.
രാജസ്ഥാനില്‍ നിരവധി മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പാണ്. ഇവരെ സംഘടനാ തലത്തിലേക്ക് മാറ്റും. പുതുമുഖങ്ങളെ കൂടുതലായി ഉള്‍പ്പെടുത്താനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രിസ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറായവര്‍ നിരവധിയാണെന്ന് അജയ് മാക്കന് പറയുന്നു. അതേസമയം വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാര്‍ പുറത്താവുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി കൂടിയായ സംസ്ഥാന അധ്യക്ഷന്‍ പ്രകടനം പോരെന്ന കാരണത്താലാണ് മാറ്റുന്നത്. അഞ്ച് മന്ത്രിസ്ഥാനമാണ് സച്ചിന് പക്ഷം പ്രതീക്ഷിക്കുന്നത്.