'ത്രിവർണ പതാകയ്ക്ക് പകരം കാവിക്കൊടി ദേശീയ പതാകയാക്കും';വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
ബെംഗളൂരു; ഭാവിയിൽ രാജ്യത്തിന്റെ ദേശീയ പതാകയായി കാവി പതാക മാറുമെന്ന വിവാദ പരാമർശവുമായി കർണാടകത്തിലെ ബി ജെ പി നേതാവ് കെ എസ് ഈശ്വരപ്പ. കാവി പതാക ത്യാഗത്തിന്റെ പ്രതീകമാണെന്നും മുതിർന്ന ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
'കാവി പതാക ഈ രാജ്യത്ത് വളരെക്കാലമായി ബഹുമാനിക്കപ്പെടുന്നു. കാവി പതാകയ്ക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാക. ആ മൂല്യം നമ്മിൽ വളർത്തിയെടുക്കാൻ ആർഎസ്എസിൽ കാവിക്കൊടിക്ക് മുന്നിലാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. ഈ രാജ്യത്ത് ഭാവിയിൽ കാവി പതാക ദേശീയ പതാകയായി മാറിയേക്കാം. അതിൽ സംശയമില്ല, എന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്.

അവർ (കോൺഗ്രസ്) പറയുമ്പോഴെല്ലാം നമ്മൾ ത്രിവർണ പതാക ഉയർത്തേണ്ടതില്ല. നമ്മുടെ ഭരണഘടനയനുസരിച്ച് ത്രിവർണ്ണ പതാകയാണ് ദേശീയ പതാക, അതിന് അർഹമായ ബഹുമാനം ഞങ്ങൾ നൽകുന്നുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.
നെഹ്റുവിന്റെ കാലത്ത് ആർഎസ്എസിനെ നിരോധിക്കാൻ ഗൂഢാലോചന നടന്നിരുന്നു. മുൻ പ്രധാനമന്ത്രിമാർക്ക് പോലും ആർ എസ് എസിനെ നിരോധിക്കാൻ സാധിച്ചിട്ടില്ല. പിന്നെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനും ആർ എസ് എസിനെ എന്ത് ചെയ്യാന് സാധിക്കുമെന്നും ഈശ്വരപ്പ ചോദിച്ചു.
അഴിമതി ആരോപണത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട ഈശ്വരപ്പ നേരത്തേയും സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇന്നല്ലേങ്കിൽ നാളെ രാജ്യം ഹിന്ദുരാഷ്ട്രമായി മാറുമെന്നും ചെങ്കോട്ടയിൽ കാവി പതാക ഉയർത്തുമെന്നുമായിരുന്നു ഈശ്വരപ്പ പറഞ്ഞത്.












Click it and Unblock the Notifications