ഇന്ത്യയുടെ ശക്തമായ ഭാവിക്ക് ഊർജ്ജ സുരക്ഷ പ്രധാനം; സാഗർ അദാനി
ഇന്ത്യയുടെ ശക്തമായ ഭാവിക്ക് ഊർജ്ജ സുരക്ഷ പ്രധാനമാണെന്ന് ആദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ ആദാനി. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
സമീപകാല ആഗോള സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഊർജ്ജ പ്രതിസന്ധികൾ സമ്പദ്‌വ്യവസ്ഥകളെ പെട്ടെന്ന് ബാധിക്കുമെന്ന് തെളിയിച്ചതായി അദാനി ചൂണ്ടിക്കാട്ടി. വളർച്ചയ്‌ക്കൊപ്പം പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രധാന വെല്ലുവിളി. ഉറച്ച ഊർജ്ജ അടിത്തറയില്ലാതെ അഭിലാഷങ്ങൾക്ക് ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാനാകില്ലെന്നും ആദാനി ഓർമ്മിപ്പിച്ചു.

ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, ഡിജിറ്റൽ വളർച്ച (ഡാറ്റാ സെൻ്ററുകൾ, എ.ഐ.) എന്നിവയെല്ലാം ഊർജ്ജത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇന്ത്യയിലെ മിക്ക വികസന വെല്ലുവിളികളും ഊർജ്ജവുമായി ബന്ധപ്പെട്ടതാണ്. പ്രതിശീർഷ ഊർജ്ജ ഉപഭോഗം ആഗോള ശരാശരിയേക്കാൾ വളരെ താഴെയായ ഇന്ത്യക്ക് ഭാവിയിൽ വലിയ ഊർജ്ജ ആവശ്യം വരുമെന്നും അദ്ദേഹം പറഞ്ഞു.
2047-ഓടെ വികസിത രാഷ്ട്രമാകുന്നതിന്, ഘട്ടംഘട്ടമായുള്ള വികസനത്തിന് പകരം ഊർജ്ജ ഉൽപ്പാദന ശേഷിയിൽ ഘടനാപരമായ കുതിച്ചുചാട്ടം ആവശ്യമാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ താങ്ങാനാവുന്നതും ലഭ്യമായതും ശുദ്ധവുമായ ഏകദേശം 2,000 ജിഗാവാട്ട് പുതിയ ഊർജ്ജോൽപ്പാദന ശേഷി ഇന്ത്യക്ക് വേണ്ടിവരുമെന്ന് സാഗർ ആദാനി വ്യക്തമാക്കി.
ആഗോളതലത്തിൽ പ്രതിരോധശേഷി കെട്ടിപ്പടുത്ത രാജ്യങ്ങൾ സ്വന്തം നിലയിലോ തന്ത്രപരമായ പങ്കാളിത്തത്തിലൂടെയോ ഊർജ്ജ അടിത്തറ ഉറപ്പാക്കിയിട്ടുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച്, ആഭ്യന്തര സ്രോതസ്സുകൾക്ക് കരുത്ത് പകർന്ന്, വൈദ്യുതീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യ ശ്രമിക്കണം. ഇത് ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്കുള്ള വിശ്വസനീയ മാർഗ്ഗമാണ്.
പുനരുപയോഗ ഊർജ്ജം, ജലവൈദ്യുതം, കാര്യക്ഷമമായ താപ നിലയങ്ങൾ, ആണവോർജ്ജം എന്നിവയെല്ലാം ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഊർജ്ജ മിശ്രിതമാണ് ഇന്ത്യക്ക് വേണ്ടതെന്ന് സാഗർ ആദാനി വാദിച്ചു. പുനരുപയോഗ ഊർജ്ജം വളരുമെങ്കിലും, ഭൂമിയുടെ ലഭ്യതയും തടസ്സങ്ങളും സന്തുലിത ഊർജ്ജ പോർട്ട്ഫോളിയോ അനിവാര്യമാക്കുന്നു.
കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ നയപരമായ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു. പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജ്ജത്തിന്റെ വളർച്ച, ശക്തമായ പ്രസരണ ശൃംഖലകൾ എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദീർഘകാല ഊർജ്ജ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ തങ്ങളുടെ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. . ചെയർമാൻ ഗൗതം ആദാനി, സംയോജിത നിക്ഷേപ തന്ത്രത്തിലൂടെ ഊർജ്ജ സംക്രമണത്തിനായി 100 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പ് പുനരുപയോഗ ഊർജ്ജ ശേഷി, സംഭരണ സംവിധാനങ്ങൾ, പ്രസരണ ശൃംഖലകൾ, ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥകൾ എന്നിവ വികസിപ്പിക്കുന്നു. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾ ഒരു വലിയ സമഗ്ര പ്രതിരോധശേഷിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് കൂടുതൽ ഊർജ്ജം ആവശ്യമാണോ എന്നതല്ല, എത്ര വേഗത്തിൽ അത് കെട്ടിപ്പടുക്കാൻ കഴിയും എന്നതാണ് യഥാർത്ഥ ചോദ്യം. സമൃദ്ധവും താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജം ലഭ്യമാക്കുന്നതിൽ ഇന്ത്യ വിജയിച്ചാൽ, അത് സ്വന്തം ഭാവിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications