'തൊട്ടുമുന്നില്‍ ആഭരണങ്ങള്‍, പക്ഷെ അയാള്‍ അതെടുത്തില്ല, കരിഷ്മ എന്നെ കൂട്ടിക്കൊണ്ടുപോയി..'; കരീനയുടെ മൊഴി
മുംബൈ: സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ നടിയും ഭാര്യയുമായ കരീന കപൂറിന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. അക്രമി സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയെന്നും അതീവ അക്രമാസക്തനായാണ് അയാള്‍ പെരുമാറിയത് എന്നും കരീന പറഞ്ഞു. സംഭവസമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കരീനയും ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് നടിയുടെ മൊഴി.
ഇളയ മകന്‍ ജഹാംഗീറിന്റെ (ജെ) കിടപ്പുമുറിയിലാണ് അക്രമിയെ ആദ്യം കണ്ടത്. വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടര്‍ന്ന് സെയ്ഫ് അലി ഖാന്‍ അവിടേക്ക് എത്തുകയും അക്രമിയെ നേരിടുകയുമായിരുന്നു. അക്രമിയെ ജെഹാംഗീറിന്റെ അടുത്ത് എത്തുന്നതില്‍ നിന്ന് സെയ്ഫ് അലി ഖാന്‍ തടഞ്ഞെന്നും കരീന പൊലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ സ്ത്രീകളെയും കുട്ടികളെയും അപ്പാര്‍ട്ട്‌മെന്റിന്റെ 12-ാം നിലയിലേക്ക് മാറ്റിയെന്ന് കരീന പറഞ്ഞു.

ബാന്ദ്രയിലെ ഡ്യൂപ്ലെക്‌സിലെ (11, 12 നിലകള്‍) സത്ഗുരു ശരണ്‍ കെട്ടിടത്തിലാണ് താരദമ്പതികള്‍ താമസിക്കുന്നത്. അതേസമയം തുറസായ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ അക്രമി തൊടുക പോലും ചെയ്തിട്ടില്ല എന്നും കരീന പറഞ്ഞു. ആക്രമണം തന്നില്‍ വിഷമവും ഭയവും ഉണ്ടാക്കിയെന്നും സഹോദരി കരിഷ്മ കപൂര്‍ തന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കരീന പറഞ്ഞു.
ആക്രമണത്തിന് ശേഷം ദമ്പതികളുടെ ഏഴുവയസുള്ള മകന്‍ തൈമൂറും വീട്ടുജോലിക്കാരനുമാണ് രക്തം വാര്‍ന്നൊഴുകുന്ന സെയ്ഫിനെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്. സ്വന്തം കാറുകള്‍ എടുക്കാന്‍ പറ്റാത്തതിനാലും ഡ്രൈവര്‍ ലഭ്യമല്ലാത്തതിനാലും സെയ്ഫിന്റെ മൂത്ത മകന്‍ ഇബ്രാഹിം അലിപിതാവിനെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് ആദ്യം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്.
എന്നാല്‍ സെയ്ഫിന്റെ ഏഴുവയസുള്ള മകനാണ് ഒപ്പമുണ്ടായിരുന്നത് എന്നാണ് ഓട്ടോ ഡ്രൈവറും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും പറഞ്ഞത്. 'ആശുപത്രിയില്‍ എത്തിയപ്പോള്‍ സെയ്ഫ് അലി ഖാനെ ആദ്യമായി കാണുന്നത് ഞാനായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അദ്ദേഹം, പക്ഷേ തന്റെ കൊച്ചുകുട്ടിയായ തൈമൂറിനൊപ്പം അവന്‍ സിംഹത്തെപ്പോലെ നടന്നു. സെയ്ഫ് അലി ഖാന്‍ ഒരു യഥാര്‍ത്ഥ ഹീറോയാണ്,' ഡോക്ടര്‍ നിരജ് ഉത്തമനി പറഞ്ഞു.
നട്ടെല്ലിന് സമീപത്തും കഴുത്തിലുമടക്കം ശരീരത്തില്‍ ആറിടത്തായാണ് സെയ്ഫിന് കുത്തേറ്റത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ച് വരികയാണ്. നട്ടെല്ലിന് സമീപത്ത് നിന്നും 2.5 ഇഞ്ച് നീളമുളള കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഈ മുറിവ് ഒരു 2 മില്ലി മീറ്റര്‍ കൂടി ആഴത്തില്‍ ആയിരുന്നെങ്കില്‍ വലിയ അപകടമായി മാറുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications