'കുത്തിയത് പേടിച്ചിട്ട്, സെയ്ഫിന്റെ വീടാണെന്ന് അറിയാമായിരുന്നു'; കുറ്റം സമ്മതിച്ച് പ്രതി
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. താന്‍ അത് ചെയ്തു എന്നാണ് പൊലീസിന്റെ ചോദ്യത്തോട് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് പ്രതികരിച്ചത്. ഭയം കൊണ്ടാണ് സെയ്ഫിനെ ആക്രമിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സെയ്ഫിന്റെ വീടാണ് എന്ന് അറിഞ്ഞ് തന്നെയാണ് അകത്തേക്ക് കടന്നത്.
വീടിന്റെ പരിസരത്ത് പലതവണ എത്തി സാഹചര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു എന്നും ഷെരീഫുള്‍ ഇസ്ലാം പറഞ്ഞു. മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും കവര്‍ച്ച നടത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബാന്ദ്ര ഏരിയയിലെ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ താനെയിലെ കാസര്‍വാഡാവലിയിലെ ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് ഷെരീഫുള്‍ ഇസ്ലാം പിടിയിലായത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് 70 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ലേബര്‍ കോണ്‍ട്രാക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷെഹ്സാദിനെ വനമേഖലയിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയത്. പൊലീസ് സംഘം താനെയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് അറിഞ്ഞതോടെ ഷെഹ്സാദ് വനപ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.
നഗരത്തില്‍ ഏഴു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഷെഹ്സാദ് ബംഗ്ലാദേശ് പൗരനാണെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ദീക്ഷിത് ഗെദം പറഞ്ഞിരുന്നു. പ്രതിയുടെ പക്കല്‍ ഇന്ത്യന്‍ രേഖകളൊന്നും ഇല്ല. ഇയാളുടെ കൈവശം കണ്ടെത്തിയ ചില കാര്യങ്ങള്‍ അവന്‍ ഒരു ബംഗ്ലാദേശ് പൗരനാണെന്ന് കാണിക്കുന്നു എന്നായിരുന്ന ദീക്ഷിത് പറഞ്ഞിരുന്നത്.
പ്രതി കഴിഞ്ഞ നാല് മാസമായി മുംബൈയില്‍ താമസിക്കുന്നുണ്ടെന്നും പേര് ബിജോയ് ദാസ് എന്നാക്കി മാറ്റിയതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഷെഹ്‌സാദിന്റെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു. സെയ്ഫ് അലി ഖാന്‍ ഉള്ളത് കൊണ്ടാണ് കേസിന് വലിയ വാര്‍ത്താ പ്രാധാന്യം വന്നത് എന്ന് പ്രതിഭാഗം അഭിഭാഷകന്‍ സന്ദീപ് ഡി ഷെര്‍ഖാനെ പറഞ്ഞു. ഷെഹ്‌സാദ് വര്‍ഷങ്ങളായി രാജ്യത്ത് താമസിക്കുന്നുണ്ടെന്നും സുപ്രധാന രേഖകളും തന്റെ പക്കലുണ്ടെന്നും ഷെര്‍ഖാനെ വാദിച്ചു.
ഷെഹ്‌സാജിന്റെ കുടുംബവും ഇന്ത്യയിലാണ് താമസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഷെഹ്‌സാദിനെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആറ് തവണയാണ് ഷെഹ്‌സാദ് സെയ്ഫ് അലി ഖാനെ കുത്തിയത്. ആക്രമണത്തില്‍ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നടന് അടിയന്തര ചികിത്സ നടത്തിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം നട്ടെല്ലില്‍ നിന്ന് 2.5 ഇഞ്ച് മുറിഞ്ഞ കത്തി നീക്കം ചെയ്തിരുന്നു. കത്തി 2 മില്ലീമീറ്ററോളം ആഴത്തില്‍ കുത്തിയിരുന്നെങ്കില്‍ അത് ഗുരുതരമായ പരിക്കിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications