'സെയ്ഫിനെ ആക്രമിച്ചത് ബംഗ്ലാദേശി പൗരന്‍, നിങ്ങളുടെ നാവിറങ്ങിപ്പോയോ? കെജ്രിവാളിനോട് ബിജെപി
ന്യൂഡല്‍ഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ. സെയ്ഫിനെ ആക്രമിച്ചയാള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനാണെന്ന് അറിഞ്ഞതോടെ കെജ്രിവാള്‍ മിണ്ടുന്നില്ല എന്ന് സച്ച്‌ദേവ പറഞ്ഞു.
ജനുവരി 16 നായിരുന്നു സെയ്ഫ് അലി ഖാനെതിരായ ആക്രമണം. സംഭവത്തില്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദിനെ താനെയില്‍ നിന്നാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ എത്തിയതോടെ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ്, ബിജോയ് ദാസ് എന്ന പേര് സ്വീകരിച്ചിരുന്നു.

പ്രതി ബംഗ്ലാദേശി പൗരനാണ് എന്ന് വ്യക്തമായതോടെയാണ് ബിജെപി വിഷയത്തില്‍ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട ദിവസം ശക്തമായി പ്രതികരിച്ച കെജ്രിവാള്‍, അക്രമി ബംഗ്ലാദേശി പൗരനാണെന്ന് അറിഞ്ഞപ്പോള്‍ മൗനം പാലിക്കുകയായിരുന്നുവെന്ന് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'റോഹിങ്ക്യന്‍ മുസ്ലിംകളും ബംഗ്ലാദേശികളും ഡല്‍ഹിക്ക് മാത്രമല്ല, രാജ്യത്തിനാകെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ബിജെപി ആദ്യം മുതല്‍ പറഞ്ഞുവരുന്നു. എന്നാല്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അവര്‍ക്ക് അഭയം നല്‍കുകയും ഡല്‍ഹിയില്‍ അവരെ വളര്‍ത്തുകയും ചെയ്യുന്നു. സെയ്ഫ് ആക്രമിക്കപ്പെട്ടപ്പോള്‍ ഉത്കണ്ഠ പ്രകടിപ്പിച്ച കെജ്രിവാളിന് അക്രമത്തിന് പിന്നിലുള്ള ബംഗ്ലാദേശിയുടെ ചെയ്തിയെ അപലപിക്കാനുള്ള ഉത്തരവാദിത്തമുണ്ട്,'' അദ്ദേഹം പറഞ്ഞു.
അനധികൃത ബംഗ്ലാദേശികളെയും റോഹിങ്ക്യന്‍ മുസ്ലീങ്ങളെയും ഡല്‍ഹിയില്‍ തങ്ങാന്‍ സഹായിക്കുകയും അവര്‍ക്ക് പണം, വൈദ്യുതി, വെള്ളം കണക്ഷന്‍ എന്നിവ നല്‍കുകയും ചെയ്തത് എഎപി ആണ് എന്നും ബിജെപി ആരോപിച്ചു. ഇവരെ വോട്ട് ബാങ്കായി ഉപയോഗിക്കുന്നതിന് വേണ്ടി എഎപി രേഖകള്‍ നല്‍കിയെന്നും ബിജെപി നേതൃത്വം ആരോപിച്ചു. സെയ്ഫിനെതിരായ ആക്രമണത്തില്‍ കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നമ്മുടെ അതിര്‍ത്തികളെയും രാജ്യത്തെയും ഇന്ത്യയിലെ ജനങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജിവയ്ക്കണം എന്നായിരുന്നു കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നത്. നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പും ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവവും ചൂണ്ടിക്കാട്ടി സെലിബ്രിറ്റികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സെയ്ഫ് ഖാന്റെ കുടുംബത്തോട് മാപ്പ് പറയണമെന്ന് എഎപിയുടെ മുഖ്യ ദേശീയ വക്താവ് പ്രിയങ്ക കക്കര്‍ പറഞ്ഞു, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഇത് അവരുടെ ഭരണ പരാജയമാണ് എന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications