അക്രമി സെയ്ഫിന്റെ വീട്ടിനുള്ളിലേക്ക് എത്തിയത് ഫയര്‍ എന്‍ട്രന്‍സ് വഴി, സിസിടിവി ഫൂട്ടേജ് പുറത്ത്
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നാണ് അക്രമി സെയ്ഫിന്റെ വീട്ടിലേക്ക് കടന്നത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഫയര്‍ എസ്‌കേപ്പ് എന്‍ട്രന്‍സ് വഴിയാണ് അക്രമി അകത്തേക്ക് കയറിയത്. ഗോവണിപ്പടികള്‍ വഴി കയറിയ അക്രമിയെ കുറിച്ച് വീട്ടുജോലിക്കാരാണ് സെയ്ഫിന് മുന്നറിയിപ്പ് നല്‍കിയത്.
പിന്നാലെ സെയ്ഫും അക്രമിയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വഴക്കിനിടെ താരത്തിന് ആറ് തവണ കുത്തേറ്റു. വീട്ടുജോലിക്കാരിയുടെ കൈയ്ക്കും നിസാര പരിക്കേറ്റു. പിന്നാലെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കെട്ടിടത്തിന്റെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെഅക്രമി സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ആക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഹൗസിംഗ് സൊസൈറ്റിയിലേക്ക് ആരും പ്രവേശിച്ചതായി കാണിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിക്രമിച്ച് കടക്കല്‍, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും പത്തംഗ സംഘമായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത് എന്നും ഡിസിപി ദീക്ഷിത് ഗെദം മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് പേരെ മുംബൈ പോലീസ് ചോദ്യം ചെയ്തു വരികയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫ് അലി ഖാന്റെ ഹൗസിംഗ് സൊസൈറ്റിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ആരും അകത്തേക്ക് കയറുന്നത് കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന്റെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകളെല്ലാം ശേഖരിച്ചതായി ഡിസിപി അറിയിച്ചു. സെയ്ഫ് അലി ഖാന്റെ വീട്ടിനുള്ളിലുള്ള ആരുടെയെങ്കിലും സഹായം ലഭിക്കാതെ അകത്തേക്ക് കടക്കാനാകില്ല എന്നാണ് പൊലീസ് വിലയിരുത്തല്‍.
സെയ്ഫ് അലി ഖാന് നട്ടെല്ലിന് സമീപത്തടക്കം ആറ് ഭാഗങ്ങളില്‍ കുത്തേറ്റിട്ടുണ്ട്. ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം കുടുംബത്തിലെ ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണ് എന്ന് നടി കരീന കപൂറിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications