സെയ്ഫ് അലി ഖാനെ കുത്തിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; പിടിയിലായത് ഛത്തീസ്ഗഡിൽ നിന്ന്
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ ഛത്തീസ്ഗഡിൽ പിടിയിൽ. 31 കാരനായ ആകാശ് കൈലാഷ് കനോജിയ എന്നയാളെയാണ് പിടികൂടിയത്. ദുർഗ് റെയിൽവെ സ്റ്റേഷനിൽ വെച്ച് മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്‌സ്‌പ്രസിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) അറിയിച്ചു.
'ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ജനറൽ കംപാർട്ട്മെന്റിലാണ് യാത്ര ചെയ്തത്. ദുർഗ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ മുംബൈ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തു', ആർപിഎഫ് അറിയിച്ചു. ഇയാളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പോലീസ് ആർപിഎഫിന് കൈമാറിയിരുന്നു. ആർപിഎഫിന്‌റെ കസ്റ്റഡിയിൽ തുടരുകയാണിയാൾ. പിടിക്കപ്പെട്ടയാൾ തന്നെയാണോ പ്രതിയെന്ന് സ്ഥിരീകരിക്കാൻ മുംബൈയിൽ നിന്നും പോലീസ് സംഘം ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

നടന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പ്രതിയുടെ ദൃശ്യങ്ങളുമായി ഇയാൾക്ക് സാമ്യം ഉണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് തവണയാണ് ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങാൻ ശ്രമച്ചപ്പോഴുമാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ പ്രതി ഒരു ചുവന്ന സ്കാർഫ് ധരിച്ചിട്ടുണ്ട്. ഒരു ബാക്ക് പാക്കും കരുതിയിട്ടുണ്ട്. ഇയാളെ അതേ ദിവസം ബാന്ദ്ര റെയിൽവെ സ്റ്റേഷനിലും ദാദർ റെയിൽവെ സ്റ്റേഷനിലും കണ്ടതായുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇയാൾ മുംബൈയിൽ നിന്നും ട്രെയിൻ മാർഗമാണോ പുറപ്പെട്ടത് എന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ പ്രതി പിടിയിലായി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ നടന്റെ വീട്ടിൽ മരപ്പണിയെടുത്ത ആളാണെന്നും ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതായും പോലീസ് അറിയിച്ചു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് ഇയാൾ ഫ്ലാറ്റിൽ പണിയെടുത്തത്. എന്നാൽ ഇയാളുടെ കോൺട്രാക്ടർ അറിയിച്ചപ്പോൾ മാത്രമാണ് അക്രമത്തെ കുറിച്ച് ഇയാൾ അറിഞ്ഞതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. മോഷണം തടയാനുള്ള ശ്രമത്തിനിടെ ആറ് തവണയാണ് നടനെ പ്രതി കുത്തിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് സെയ്ഫ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications