സൈനയ്ക്കും കശ്യപിനും പ്രണയ സാഫല്യം; പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ മിന്നുകെട്ട്
ഹൈദരാബാദ്: ബാഡ്മിന്റൺ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യാപും വിവാഹിതരായി. വെള്ളിയാഴ്ച നടന്ന വിവാഹചടങ്ങിന്റെ ദൃശ്യങ്ങൾ ഇരുവരും ട്വിറ്ററിൽ പങ്കുവെച്ചു. പത്ത് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഹൈദരാബാദിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
അടുത്ത ബന്ധുക്കളും സിനിമാ-കായിക- രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 2005 മുതൽ പുല്ലേല ഗോപിചന്ദിന്റെ ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലനം നടത്തി വരികയായിരുന്നു ഇരുവരും. ബാഡ്മിന്റൺ കോർട്ടിലെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് തങ്ങൾ പ്രണയത്തിലാണെന്നും വീട്ടുകാരുടെ പൂർണ സമ്മതത്തോടെ വിവാഹിതരാകാൻ തീരുമാനിച്ചതായും വെളിപ്പെടുത്തിയത്.

സഹതാരങ്ങളും സുഹൃത്തുക്കളുമായ കിടംബി ശ്രാകാന്ത്, എച്ച് എസ് പ്രണോയ്, ഗുരുസായ് ദത്ത് തുടങ്ങിയ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമെ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുള്ളു. ഡിസംബർ 21 ന് വിപുലമായ വിവാഹസൽക്കാരം നടക്കും.

ഇരുപത് പ്രധാന കിരീടങ്ങൾ ഉൾപ്പെടെ കരിയറിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സൈന നെഹ്വാൾ. ഒളിമ്പിക്സിൽ വെങ്കല മെഡലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട് 28കാരിയായ സൈന. 2014 കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവാണ് 32കാരനായ കശ്യപ്.












Click it and Unblock the Notifications