ശാസ്ത്രപ്രതിഭ; മരണത്തിന് മുന്‍പ് അസ്വാഭാവിക പെരുമാറ്റം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത
ബെംഗളൂരു: ഐഐടി മദ്രാസില്‍ നിന്ന് പഠിച്ചിറങ്ങിയ മിടുക്കനായ വിദ്യാര്‍ത്ഥി, സ്വന്തം കഴിവു കൊണ്ട് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം... ഏറ്റവും ഒടുവില്‍ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ച് മരണത്തിലേക്കുള്ള യാത്ര. സാകേത് ശ്രീനിവാസയ്യ എന്ന ഇന്ത്യന്‍ യുവാവിന്റെ ദുരൂഹമായ മരണം ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയാണ്.
കാലിഫോര്‍ണിയയില്‍ കാണാതായ 22 വയസുകാരന്‍ സാകേത് ശ്രീനിവാസയ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് സ്ഥിരീകരിച്ചത്. വലിയ പ്രതീക്ഷകളോടെ വിദേശത്തേക്കു പോയ മിടുക്കനായ യുവാവിന്റെ സ്വപ്നങ്ങള്‍ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
കര്‍ണാടക സ്വദേശിയാണ് സാകേത്. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്കിലിയിലെ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സാകേത്. ശോഭനമായ ഒരു ഭാവിയാണ് ഈ യുവാവിന് മുന്നിലുണ്ടായിരുന്നത്. ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് ഉപരിപഠനത്തിനായി ഇദ്ദേഹം യുസി ബെര്‍ക്ക്ലിയിലേക്ക് പോയത്.

ഫെബ്രുവരി ഒന്‍പതു മുതലാണ് കാലിഫോര്‍ണിയയില്‍ സാകേതിനെ കാണാതായത്.
ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവിലാണ് മാതാപിതാക്കളെ തേടി ദുഃഖവാര്‍ത്ത എത്തിയത്. കാലിഫോര്‍ണിയയിലെ ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കിലെ ഒരു തടാകത്തിനടുത്താണ് സാകേതിനെ അവസാനമായി കണ്ടത്. മകന്റെ ശബ്ദം അവസാനമായി കേട്ട ഫെബ്രുവരി ഒന്‍പതിന് ശേഷം ആ മാതാപിതാക്കള്‍ കടന്നുപോയത് വലിയ മാനസിക വിഷമത്തിലൂടെയായിരുന്നു.
മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സാകേതിന്റെ കുടുംബം കര്‍ണാടക സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതിയിരുന്നു. മകനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ അവസാന നിമിഷം വരെ അവര്‍ കാത്തിരുന്നു. എന്നാല്‍ വിധി അവര്‍ക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു.
മിടുക്കനായ ശാസ്ത്ര പ്രതിഭയെയാണ് സാകേതിന്റെ മരണത്തിലൂടെ നഷ്ടമായത്. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന സാകേത്, തന്റെ അറിവും കഴിവും സമൂഹത്തിന് ഉപകാരപ്പെടണമെന്ന് എപ്പോഴും ചിന്തിച്ചിരുന്നു. പഠനത്തില്‍ അതീവ സമര്‍ത്ഥനായിരുന്ന വിദ്യാര്‍ത്ഥിയുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സഹപാഠികളെയും ഒരുപോലെ തളര്‍ത്തിയിരിക്കുകയാണ്.
മരണത്തിന് മുന്‍പ് സാകേത് അസ്വാഭാവികമായി പെരുമാറിയിരുന്നതായി ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പറയുന്നു. യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. ആഹാരം കഴിക്കാന്‍ പോലും തയ്യാറാകാതെ ദിവസങ്ങളോളം വെറും ചിപ്സും കുക്കീസും മാത്രമാണ് കഴിച്ചിരുന്നത്. ശാരീരികമായും മാനസികമായും അത്രമേല്‍ തളര്‍ന്ന അവസ്ഥയിലൂടെയാണ് സാകേത് കടന്നുപോയത്.
മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാകേതിന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചെയ്തുവരികയാണ്. എല്ലാ വര്‍ഷവും നിരവധി ഇന്ത്യക്കാരാണ് ഉന്നത പഠനത്തിനായി വിദേശത്തേക്കു പോകുന്നത്. അടുത്ത കാലത്തായി യുഎസില്‍ മരണപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications