ശമ്പളം വൈകുമോ? ബാങ്ക് പണിമുടക്ക് പണിയാകും, ഈ ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല
മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്ക് പണിമുടക്ക് വരുന്നതിനാല്‍ ഇടപാടുകള്‍ തടസപ്പെടുമെന്ന് ആശങ്ക. ഇന്ന് നാലാം ശനിയും നാളെ ഞായറും ആകുമ്പോള്‍ ഫലത്തില്‍ അഞ്ച് ദിവസം ബാങ്ക് അടഞ്ഞു കിടക്കേണ്ടതായിരുന്നു. എന്നാല്‍ ഞായറാഴ്ച ബാങ്കുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ബുധന്‍ വരെയാണ് ബാങ്ക് പണിമുടക്ക്. ആഴ്ചയില്‍ ജോലി അഞ്ച് ദിവസമാക്കുക, ഇന്‍സെന്റീവ് സംവിധാനത്തില്‍ മാറ്റം വരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ സമരം.
കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും പ്രത്യേക അനുമതിയുള്ളതിനാല്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള പ്രമുഖ ബാങ്കുകള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും. പൊതുമേഖലാ ബാങ്കുകളെയാണ് പണിമുടക്ക് ബാധിക്കുക. അതേസമയം, മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ശമ്പളം വൈകുമോ, വിദേശത്ത് നിന്ന് അയക്കുന്ന പണം കിട്ടാന്‍ വൈകുമോ എന്ന സംശയത്തിലാണ് ജനങ്ങള്‍. ഏതൊക്കെ ബാങ്കുകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട് എന്ന് അറിയാം...

സെപ്തംബര്‍ 28 മുതല്‍ 30 വരെയാണ് ബാങ്ക് സമരം. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. അതേസമയം, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, സിഎസ്ബി ബാങ്ക്, ജമ്മു കശ്മീര്‍ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടേക്കും.
എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സമരം ബാധിക്കില്ല. സ്വകാര്യ മേഖലയിലെ കമ്പനികളെല്ലാം പ്രധാനമായും ശമ്പളം വിതരണം ചെയ്യുന്നത് ഈ ബാങ്കുകളിലൂടെയാണ്. അതുകൊണ്ടുതന്നെ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം വൈകുമെന്ന ആശങ്ക വേണ്ട. അതേസമയം, എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളിലൂടെ ശമ്പളം മാസവസാനം ലഭിക്കുന്നവരാണെങ്കില്‍ വൈകാന്‍ സാധ്യതയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാര്‍ക്ക് സമരം തുടങ്ങുന്നതിന് മുമ്പും ഞായറാഴ്ചയുമായി ശമ്പളം വിതരണം നടക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇത്തരം ക്രമീകരണം വരുത്തിയിട്ടില്ല. ഒന്നാം തിയ്യതി മുതല്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് തടസമുണ്ടാകില്ല. ഞായറാഴ്ച ബാങ്കുകള്‍ തുറക്കും, എല്ലാ പതിവ് സേവനങ്ങളും അന്ന് ലഭിക്കും. സമരം നടക്കുന്ന ദിവസങ്ങളില്‍ ബാങ്കുകളില്‍ നേരിട്ടെത്തി ചെയ്യേണ്ട സര്‍വീസുകള്‍ മുടങ്ങും.
പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുമ്പോള്‍ സമരം ഇല്ലാത്ത ദിനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. സമരം നടക്കുന്ന ദിവസങ്ങളില്‍ എടിഎം ഇടപാടിന് ചാര്‍ജ് ഈടാക്കില്ല എന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏത് ബാങ്കുകളുടെ എടിഎം ഉപയോഗിച്ചും എത്ര തവണയും ഇടപാട് നടത്താന്‍ സാധിക്കും. ഡിജിറ്റല്‍ ഇടപാടിനും തടസമുണ്ടാകില്ല.


Click it and Unblock the Notifications
