ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ കടുത്ത ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചു. ശമ്പളം വെട്ടിക്കുറച്ചാണ് പുതിയ പ്രഖ്യാപനം. നേരത്തെ പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് തല്‍ക്കാലം തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം പകുതിയായി കുറയും. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ശമ്പളവും കുറച്ചു.
1952ന് ശേഷം ആദ്യമായിട്ടാണ് ഹിമാചല്‍ പ്രദേശിന് ഇത്തരം ഒരു അനുഭവം എന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു പറയുന്നു. ബജറ്റ് അവതരത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ശനിയാഴ്ച അവതരിപ്പിച്ചത്. ഈ വേളയിലാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും ചെലവ് ചുരുക്കല്‍ പ്രഖ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കുകയാമെന്ന് സുഖ് വീന്ദര്‍ സിങ് സുഖു വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട ഗ്രാന്റ് അനുവദിക്കാത്തതാണ് ഹിമാചല്‍ പ്രദേശിലെ വെട്ടിലാക്കിയത്. ഇതുമൂലം 8000 കോടി രൂപയുടെ വാര്‍ഷിക നഷ്ടമാണ് സര്‍ക്കാര്‍ നേരിടുന്നത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. റവന്യൂ ഡഫിസിറ്റ് ഗ്രാന്റ് തടഞ്ഞുവച്ചിരിക്കുകയാണ് കേന്ദ്രം. ജിഎസ്ടി വിഹിതവും കൃത്യമായി തരുന്നില്ല. ഇതാണ് ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് ചെലവ് ചുരുക്കല്‍ പ്രഖ്യാപിക്കാന്‍ കാരണം എന്ന് മുഖ്യമന്ത്രി സുഖു പറയുന്നു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍- ശമ്പളം കുറച്ചത് ഇങ്ങനെ
മുഖ്യമന്ത്രിയുടെ ശമ്പളം 50 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മന്ത്രിമാരുടെ ശമ്പളം 30 ശതമാനം കുറച്ചു. എംഎല്‍എമാരുടെ ശമ്പളം 20 ശതമാനമാണ് കുറച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം 30 ശതമാനമാണ് കുറച്ചത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പളവും 30 ശതമാനം കുറയും. മറ്റു ഉദ്യോഗസ്ഥരുടെത് 20 ശതമാനവും.
എഡിജിപി മുതല്‍ ഡിഐജി റാങ്ക് വരെയുള്ള പോലീസ് ഓഫീസര്‍മാരുടെ ശമ്പളം 30 ശതമാനമാണ് കുറച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവികളുടെത് 20 ശതമാനം കുറച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മൂന്ന് ശതമാനം ഉയര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ആറ് മാസത്തേക്ക് മരവിപ്പിച്ചു. ഗ്രൂപ് ഡി ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനവും ഉടനെ ഉണ്ടാകില്ല.
എല്ലാ നടപടികളും ആറ് മാസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടാല്‍ എല്ലാവരുടെയും ശമ്പളം തിരിച്ചുതരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സംസ്ഥാനം ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടേര്‍ത്തു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് തടഞ്ഞത്, ജിഎസ്ടി നഷ്ടപരിഹാരം തരാത്തത്, ഇതുമൂലം കടം കുതിച്ചുര്‍ന്നത് എന്നിവയെല്ലാം തിരിച്ചടിയായി എന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications