ശമ്പളം വീണ്ടും വര്‍ധിപ്പിക്കുന്നു; ഇത്തവണ പ്രതീക്ഷ 3 ശതമാനം, 8ാം ശമ്പള കമ്മീഷന് മുമ്പുള്ള മാറ്റം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ അടുത്തിടെ നേരിയ വര്‍ധനവ് വന്നിരുന്നു. ക്ഷാമബത്ത (ഡിഎ) യില്‍ രണ്ട് ശതമാനം വര്‍ധനവാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ മൊത്തം ക്ഷാമ ബത്ത 60 ശതമാനമായി ഉയര്‍ന്നു. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം ഡിഎയായി ലഭിക്കുമെന്ന് ചുരുക്കം. ഇത്തവണ ലഭിച്ചത് 2 ശതമാനം വര്‍ധനവാണെങ്കില്‍ അടുത്ത തവണ മൂന്ന് ശതമാനം കിട്ടിയേക്കുമെന്നാണ് പ്രതീക്ഷ.
എട്ടാം ശമ്പള കമ്മീഷന്‍ പഠനം തുടരവെയാണ് ക്ഷാമ ബത്ത വര്‍ധിപ്പിക്കുന്നത്. പുതിയ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുംവരെ ഓരോ ആറ് മാസത്തിലും ഡിഎ വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മാസം രണ്ട് ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചത്. പുതിയ ശമ്പള കമ്മീഷന്‍ നിലവില്‍ വന്നാല്‍ ഡിഎ പൂജ്യമായി മാറും.

ഓരോ വര്‍ഷവും രണ്ട് തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ വര്‍ധിപ്പിക്കുക. ജനുവരിയിലും ജൂലൈയിലും. ജനുവരിയിലെ വര്‍ധനവിന്റെ പ്രഖ്യാപനം ഏകദേശം മാര്‍ച്ചിലും ജൂലൈയിലെ വര്‍ധനവിന്റെ പ്രഖ്യാപനം ഒക്ടോബറിലുമാണ് ഉണ്ടാകുക. വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിക്കുക.
പ്രഖ്യാപനം മാര്‍ച്ചിലും ഒക്ടോബറിലുമാണ് ഉണ്ടാകുക എങ്കിലും ജനുവരി മുതലും ജൂലൈ മുതലുമുള്ളമുള്ള മുന്‍കാല പ്രാബല്യത്തോടെ ഡിഎ ആനുകൂല്യം കിട്ടും. ഈ വര്‍ഷത്തെ ആദ്യ ഡിഎ വര്‍ധനവ് പ്രഖ്യാപനം വന്നത് കഴിഞ്ഞ മാസമാണ്. പക്ഷേ, ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം ലഭിച്ചു. ഡിഎ വര്‍ധനവ് വളരെ കുറച്ച് തുക മാത്രമാണ് ലഭിക്കുക എന്ന് മനസിലാക്കണം. കാരണം, അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് വര്‍ധനവ്.
ഡിഎ വര്‍ധനവ് കണക്കാക്കുന്നത് ഇങ്ങനെ
ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സിന്റെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക പരിശോധിച്ചാണ് ഡിഎ നിശ്ചിക്കുന്നത്. ഓരോ മാസവും ഈ സൂചിക വിവരം തൊഴില്‍ വകുപ്പ് പരസ്യമാക്കും. കഴിഞ്ഞ 12 മാസത്തിന്റെ ഏകദേശ വില സൂചിക പരിശോധിച്ചാണ് ഡിഎ കണക്കാക്കുക. വില സൂചിക ഉയര്‍ന്നാല്‍ ഡിഎയും വര്‍ധിക്കും. മാര്‍ച്ച് മാസത്തിലെ വില സൂചിക 149.1 ആണ്. അതുകൊണ്ടുതന്നെ ഡിഎയില്‍ മൂന്ന് ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നു.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ സൂചിക കണക്കുകള്‍ കൂടി പരിശോധിച്ച ശേഷമാകും ഡിഎ തീരുമാനിക്കുക. നിലവിലുള്ള അതേ കണക്ക് തുടര്‍ന്നാല്‍ മൂന്ന് ശതമാനം ഡിഎ വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നു. ഇക്കാര്യം ചില ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. അതോടെ ഡിഎ 63 ശതമാനമായി ഉയരും.
എട്ടാം ശമ്പള കമ്മീഷന്‍ പഠനം തുടരുകയാണ്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാല്‍ പുതിയ ശമ്പളമായിരിക്കും ജീവനക്കാര്‍ക്ക് ലഭിക്കുക. അതേസമയം, എല്ലാ ആറ് മാസത്തിലും ഡിഎ വര്‍ധനവ് തുടരുകയും ചെയ്യും.















Click it and Unblock the Notifications