ശമ്പളത്തില്‍ വരാന്‍ പോകുന്നത് 140% വര്‍ധനവ്..! 10 കൊല്ലം മുമ്പുണ്ടായിരുന്നത് 14% മാത്രം!!
എട്ടാം ശമ്പള കമ്മീഷന്‍ ഈ ആഴ്ച മുംബൈയില്‍ നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകള്‍ ഉന്നയിച്ചിട്ടുള്ള, ശമ്പളവും പെന്‍ഷനും 3.833 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ ഉപയോഗിച്ച് പരിഷ്‌കരിക്കണമെന്ന ആവശ്യമായിരിക്കും ഇതില്‍ പ്രധാന ചര്‍ച്ചാവിഷയം. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടറിനേക്കാള്‍ 49 ശതമാനം കൂടുതലാണ് പുതിയ ശുപാര്‍ശ.
എന്നാല്‍, ഇത്തരമൊരു താരതമ്യം യഥാര്‍ത്ഥ വ്യത്യാസത്തെ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നില്ല. ഇക്കാര്യം കൃത്യമായി മനസിലാക്കാന്‍, ഫിറ്റ്മെന്റ് ഫാക്ടര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ഒന്നാമതായി, നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇതിനു പുറമേയുള്ള വര്‍ധനവ് മാത്രമാണ് യഥാര്‍ത്ഥ ശമ്പള വര്‍ധനവായി കണക്കാക്കപ്പെടുന്നത്.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അന്ന് ശുപാര്‍ശ ചെയ്ത 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടറില്‍, 2.25 എന്ന ഭാഗം അന്ന് നിലവിലുണ്ടായിരുന്ന 125% ക്ഷാമബത്തയെ അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിക്കാനാണ് ഉപയോഗിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ലഭിച്ച ശമ്പള വര്‍ധനവ് 14.3% മാത്രമായിരുന്നു. ശമ്പള കമ്മീഷനുകളുടെ ചരിത്രത്തില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിച്ച ഏറ്റവും കുറഞ്ഞ യഥാര്‍ത്ഥ വര്‍ധനവായിരുന്നു ഇത്.
മുന്‍പ്, മൂന്നാം ശമ്പള കമ്മീഷന്‍ 20.6% വര്‍ധനവും, നാലാം കമ്മീഷന്‍ 27.6%-ഉം, അഞ്ചാം കമ്മീഷന്‍ 31%-ഉം, ആറാം കമ്മീഷന്‍ 54% എന്ന വലിയ വര്‍ധനവുമാണ് നല്‍കിയിരുന്നത്. 3.833 എന്ന കണക്കിലേക്ക് ഇതേ മാനദണ്ഡം പ്രയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് നോക്കാം. നിലവില്‍, അടിസ്ഥാന ശമ്പളത്തിന്റെ 60% ആണ് ക്ഷാമബത്ത. നിലവിലുള്ള ഈ ക്ഷാമബത്തയെ അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിക്കാന്‍, മൊത്തം ഫിറ്റ്മെന്റ് ഫാക്ടറില്‍ നിന്ന് 1.6 എന്ന സംഖ്യ ആവശ്യമായി വരും.
ഇപ്പോള്‍, ആവശ്യപ്പെടുന്ന 3.833 എന്ന ഫിറ്റ്മെന്റ് ഫാക്ടറിനെ 1.60 കൊണ്ട് ഹരിച്ചാല്‍, യഥാര്‍ത്ഥ വര്‍ധനവിനെ സൂചിപ്പിക്കുന്ന ഘടകം ഏകദേശം 2.4 ആയിരിക്കും. ഇതിലൂടെ 140% യഥാര്‍ത്ഥ ശമ്പള വര്‍ധനവ് ലഭിക്കും. ഇത് ഒരു ദശകം മുന്‍പ് ലഭിച്ച 14.3% എന്ന യഥാര്‍ത്ഥ വര്‍ധനവിനേക്കാള്‍ ഏകദേശം 10 മടങ്ങ് കൂടുതലാണ്. കൂടുതല്‍ വ്യക്തതയ്ക്കായി ലെവല്‍ 1 വിഭാഗത്തിലുള്ള ഒരു ജീവനക്കാരന്റെ ഉദാഹരണം പരിശോധിക്കാം.
നിലവില്‍ ഇദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയും, അതിനു പുറമെ 10,800 രൂപ ക്ഷാമബത്ത ആയും ലഭിക്കുന്നു. നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയുടെ സ്റ്റാഫ് വിഭാഗം ആവശ്യപ്പെടുന്നതുപോലെ, 3.833 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അംഗീകരിക്കപ്പെട്ടാല്‍, അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയരും. എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നതിന് മുന്‍പായി ക്ഷാമബത്ത കുറഞ്ഞത് രണ്ടോ മൂന്നോ തവണ പരിഷ്‌കരിക്കപ്പെടും.
ദീപാവലിക്ക് മുന്‍പായി, 2026 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, കേന്ദ്ര മന്ത്രിസഭ ക്ഷാമബത്തയില്‍ 3% വര്‍ധനവ് വരുത്താന്‍ സാധ്യതയുണ്ട്. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 63% ആയി മാറും. ഈ വര്‍ധനവിനെ ഉള്‍ക്കൊള്ളുന്നതിനായി, അന്തിമ ഫിറ്റ്മെന്റ് ഫാക്ടറില്‍ നിന്ന് 1.63 എന്ന ഘടകം ഉപയോഗപ്പെടുത്തും. 26000 രൂപ വേണമെന്ന ആവശ്യം നിലനില്‍ക്കെയാണ് 2016-ല്‍ ഏഴാം ശമ്പള കമ്മീഷന്‍ കുറഞ്ഞ വേതനം 18000 രൂപയായി നിശ്ചയിച്ചത്.
എന്നാല്‍ ഇത്തവണ, വരുമാനമുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളെ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നു. ഏഴാം ശമ്പള കമ്മീഷന്‍ മൂന്ന് കണ്‍സംപ്ഷന്‍ യൂണിറ്റുകള്‍ അടങ്ങിയ ഒരു കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റ് ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് വേതനം നിശ്ചയിച്ചത്. എന്നാല്‍, വരുമാനമുള്ള വ്യക്തിയുടെ പ്രായമായ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി, ആകെ അഞ്ച് യൂണിറ്റുകള്‍ പരിഗണിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
നിലവില്‍ 3 ശതമാനമായ വാര്‍ഷിക ഇന്‍ക്രിമെന്റ് 6 ശതമാനമായി ഇരട്ടിയാക്കണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നു. ഇത് നടപ്പിലായാല്‍, അടുത്ത ഒരു ദശകത്തിനുള്ളില്‍ ഓരോ ശമ്പള നിലവാരത്തിലും ജീവനക്കാരുടെ വേതന വര്‍ധനവ് ഗണ്യമായി ഉയരും. റിയല്‍ എസ്റ്റേറ്റ് വിലയിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത്, കൂടുതല്‍ വീട്ടുവാടക അലവന്‍സ് നല്‍കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
ഏഴാം ശമ്പള കമ്മീഷന്‍, എക്‌സ്, െൈവ, ഇസഡ് വിഭാഗങ്ങളില്‍പ്പെടുന്ന നഗരങ്ങള്‍ക്കായി എച്ച്ആര്‍എ യഥാക്രമം 30%, 20%, 10% എന്നതില്‍ നിന്ന് 24%, 16%, 8% ആയി കുറച്ചിരുന്നു. എന്നാല്‍, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ പകുതിയില്‍ (50%) എത്തുമ്പോള്‍ എച്ച്ആര്‍എയില്‍ സ്വയമേവ മാറ്റം വരുത്താനുള്ള വ്യവസ്ഥയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, ക്ഷാമബത്ത 50 ശതമാനം കടന്നപ്പോള്‍, 2024-ല്‍ എക്‌സ്, െൈവ, ഇസഡ് നഗരങ്ങള്‍ക്കുള്ള എച്ച്ആര്‍എ യഥാക്രമം 27%, 18%, 9% ആയി വര്‍ധിപ്പിച്ചു.


Click it and Unblock the Notifications
