ശമ്പളം ഇരട്ടിയാകും; ഈ ഫിറ്റ്‌മെന്റ് ഫാക്ടര്‍ പരിഗണിച്ചാല്‍ ജീവനക്കാര്‍ക്ക് വലിയ തുക അക്കൗണ്ടിലെത്തും
ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരിയില്‍ സ്ഥാപിച്ച ഈ കമ്മീഷന്‍, പണപ്പെരുപ്പവും ജീവിതച്ചെലവും വിലയിരുത്തി പുതിയ ശമ്പള ഘടനയ്ക്ക് ശുപാര്‍ശകള്‍ നല്‍കും.
50 ലക്ഷത്തിലധികം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏകദേശം 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതിയ ശമ്പള ഘടന പ്രാബല്യത്തില്‍ വരുമ്പോള്‍ കുടിശ്ശിക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ വരുത്തുന്ന ശമ്പള വര്‍ദ്ധനവ്, ഫിറ്റ്മെന്റ് ഘടകം, മൊത്തത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് പലവിധ വിവരങ്ങളാണ് പുറത്തുവരുന്നത്.

നിലവില്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമാണ് ശമ്പളം ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 9,000 രൂപയുമാണ് നിലവില്‍ ലഭിക്കുന്നത്. ശമ്പള ഘടനയിലെ ഈ പരിഷ്‌കരണം ഫിറ്റ്മെന്റ് ഫാക്ടര്‍ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
പുതിയ ശമ്പളം കണക്കാക്കാന്‍ നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ ഗുണിക്കുന്ന പ്രധാന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടര്‍. എട്ടാം ശമ്പള കമ്മീഷനില്‍ ഈ ഘടകം 1.92 മുതല്‍ 2.86 വരെയാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 2 ആയിരിക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫിറ്റ്മെന്റ് ഫാക്ടര്‍ 2 ആയാല്‍ ശമ്പളം ഇരട്ടി
ഓരോ പത്ത് വര്‍ഷത്തിലാണ് ശമ്പളം പരിഷ്‌കരിക്കുന്നത്. ആറാം ശമ്പള കമ്മീഷന്റെ കാലാവധി 2015ലാണ് അവസാനിച്ചത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിലും അവസാനിച്ചു. ഏഴാം ശമ്പള കമ്മീഷന്‍ ശമ്പളം പരിഷ്‌കരിക്കാന്‍ 2.57 എന്ന ഫിറ്റ്മെന്റ് ഘടകമാണ് ഉപയോഗിച്ചത്. ആറാം ശമ്പള കമ്മീഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7,000 രൂപയായിരുന്നു അടിസ്ഥാന ശമ്പളം.
ഈ കുറഞ്ഞ ശമ്പളത്തില്‍ 2.57 എന്ന ഫിറ്റ്മെന്റ് ഘടകം പ്രയോഗിച്ചാണ് ഏഴാം കമ്മീഷന്‍ പരിഷ്‌കരണം നടത്തിയത്. ഈ രണ്ട് അക്കങ്ങളെയും ഗുണിച്ചപ്പോള്‍ പുതിയ പ്രാരംഭ ശമ്പളം 18,000 രൂപയായി. സമാനമായി, പുതിയ ശമ്പളം നിര്‍ണ്ണയിക്കാന്‍ ഏഴാം ശമ്പള കമ്മീഷനിലെ വിവിധ തലങ്ങളിലെ പ്രാരംഭ ശമ്പളത്തെ രണ്ടുകൊണ്ട് ഗുണിക്കുക എന്നതാണ് ഫിറ്റ്മെന്റ് ഘടകം 2. ഇതുവഴി, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം (18,000 രൂപ ഃ 2) 36,000 രൂപയായി ഉയര്‍ത്തപ്പെടും. അതുപോലെ, പെന്‍ഷന്‍കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 9,000 രൂപയില്‍ നിന്ന് (9,000 രൂപ ഃ 2) 18,000 രൂപയായി മാറും.
ഏഴാം ശമ്പള കമ്മീഷനിലെ 18,000 രൂപ പ്രാരംഭ ശമ്പളം ഏറ്റവും താഴ്ന്ന ശമ്പള ഗ്രേഡിലെ പ്രവേശനതല ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് അനുസരിച്ച് ഉയര്‍ന്ന പരിഷ്‌കരിച്ച ശമ്പളം ലഭിക്കും. ഫിറ്റ്മെന്റ് ഘടകം 2 പ്രയോഗിക്കുകയാണെങ്കില്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നിലവിലെ പ്രവേശനതല മിനിമം അടിസ്ഥാന ശമ്പളം ഇരട്ടിയാകുമെന്ന് ചുരുക്കം. എട്ടാം ശമ്പള കമ്മീഷന്‍ പഠനം നടത്തുകയാണിപ്പോള്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചാലാണ് പുതിയ ശമ്പളം ലഭിക്കുക. 2026 ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരണം നടപ്പാക്കിയാല്‍ വലിയ തുക ജീവനക്കാര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications