ശമ്പളം 29000 ത്തില്‍ നിന്ന് 75000 രൂപയിലേക്ക്..! എട്ടാം സിപിസിയിലും ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 തന്നെ!!?
എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷന്‍ നിലവില്‍ കൂടിയാലോചനകളുടെ ഘട്ടത്തിലാണ്. ഒക്ടോബറില്‍ ബെംഗളൂരുവിലും മുംബൈയിലും കൂടുതല്‍ യോഗങ്ങള്‍ നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക ശുപാര്‍ശകള്‍ പുറത്തിറക്കുന്നതിന് മുന്‍പായി ജീവനക്കാരുടെ സംഘടനകള്‍, പ്രതിനിധികള്‍, വിവിധ കൂട്ടായ്മകള്‍, പെന്‍ഷന്‍കാരുടെ സംഘടനകള്‍, ഫെഡറേഷനുകള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.
ഏകദേശം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 65 ലക്ഷത്തോളം പെന്‍ഷന്‍കാരും, കൂടാതെ പ്രതിരോധ-റെയില്‍വേ വിഭാഗങ്ങളിലെ ജീവനക്കാരും വിരമിച്ചവരും ഉള്‍പ്പെടെ ഒരു കോടിയിലധികം ആളുകള്‍ക്ക് കമ്മീഷന്റെ തീരുമാനങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് കമ്മീഷന്‍ അധ്യക്ഷ.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് ജെയിന്‍ മെമ്പര്‍-സെക്രട്ടറിയായും, ധനകാര്യ വിഭാഗം പ്രൊഫസറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ പ്രൊഫസര്‍ പുലക് ഘോഷ് കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിക്കുന്നു. ഇതുവരെ നടന്ന കൂടിയാലോചന യോഗങ്ങളിലെല്ലാം ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ വേണമെന്ന ആവശ്യം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.
1.83 മുതല്‍ 3.83 വരെയുള്ള നിരക്കുകളാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കമ്മീഷന്‍ ഔദ്യോഗിക ശുപാര്‍ശകള്‍ നല്‍കിയിട്ടില്ല. ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ശമ്പള പരിഷ്‌കരണത്തിന് മുന്‍പുള്ള അടിസ്ഥാന ശമ്പളത്തെയോ പെന്‍ഷന്‍ തുകയെയോ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റുന്നതിനായി ശമ്പള കമ്മീഷനുകള്‍ ഉപയോഗിക്കുന്ന ഒരു ഗുണന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടര്‍.
നിലവിലെ അടിസ്ഥാന ശമ്പളം x ഫിറ്റ്മെന്റ് ഫാക്ടര്‍ = പുതിയ അടിസ്ഥാന ശമ്പളം എന്നതാണ് ഇതിന്റെ സൂത്രവാക്യം. അതനുസരിച്ച് ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ ഉപയോഗിച്ചപ്പോള്‍ അടിസ്ഥാന ശമ്പളം 7,000 രൂപയില്‍ നിന്ന് 18000 രൂപയായി വര്‍ധിച്ചു. ഇനി എട്ടാം ശമ്പള കമ്മീഷനിലും 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ തന്നെ നല്‍കിയാല്‍ എത്രത്തോളം ശമ്പള വര്‍ധനവ് ലഭിക്കുമെന്ന് നമുക്ക് പരിശോധിക്കാം.
ഇത് പ്രകാരം നിലവില്‍ 18000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ലെവല്‍ 1 ജീവനക്കാരന് 46260 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. ലെവല്‍ 2 ജീവനക്കാരന് ഇത് 19900 ത്തില്‍ നിന്ന് 51143 ആയി ഉയരും. ലെവല്‍ 5 ജീവനക്കാരന്റെ ശമ്പളം 29000 രൂപയില്‍ നിന്ന് 75044 രൂപയായിട്ടാണ് ഉയരുക. നിശ്ചയിച്ചിട്ടുള്ള സമയക്രമം അനുസരിച്ച്, കമ്മീഷന്‍ രൂപീകരിച്ച് 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
അതായത് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ 2027 ഫെബ്രുവരിയിലോ ഏപ്രിലിലോ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2027 മെയ് ആണ്. മുന്‍കാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍, ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ വന്നുകഴിഞ്ഞാല്‍ അവ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ വീണ്ടും രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവരും. അതായത്, 2027-ല്‍ പ്രഖ്യാപിക്കുന്ന വര്‍ധനവുകള്‍ 2029-ലോ 2030-ലോ മാത്രമേ പൂര്‍ണ്ണമായി നടപ്പിലാക്കപ്പെടുകയുള്ളൂ.


Click it and Unblock the Notifications
