എംഎല്‍മാരുടെ ശമ്പളം കൂട്ടാന്‍ മധ്യപ്രദേശ്; ശമ്പളം 1.65 ലക്ഷം, പെന്‍ഷന്‍ 35000 ത്തില്‍ നിന്ന് 65000 ത്തിലേക്ക്!
ഭോപ്പാല്‍: മധ്യപ്രദേശിലെ എംഎല്‍എമാര്‍ക്കും മുന്‍ എംഎല്‍എമാര്‍ക്കും സന്തോഷ വാര്‍ത്ത. എംഎല്‍എമാരുടേയും മുന്‍ എംഎല്‍എമാരുടേയും ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിനുള്ള കരട് നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അന്തിമമാക്കി. എംഎല്‍എമാരുടെ മൊത്തം ശമ്പളം നിലവിലുള്ള 1,10,000 രൂപയില്‍ നിന്ന് പ്രതിമാസം 1,65,000 രൂപയായി ഉയര്‍ത്താന്‍ കരട് നിര്‍ദ്ദേശത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, മുന്‍ എംഎല്‍എമാര്‍ക്കുള്ള പെന്‍ഷനും അലവന്‍സുകളും അവരുടെ കുടുംബങ്ങള്‍ക്കുള്ള കുടുംബ പെന്‍ഷനും ഗണ്യമായി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എമാരുടെ പ്രതിമാസ പെന്‍ഷന്‍ 35,000 രൂപയില്‍ നിന്ന് 65,000 രൂപയായി ഉയര്‍ത്തും. പ്രതിമാസ കുടുംബ പെന്‍ഷന്‍ 18,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താനും ആണ് നിര്‍ജേശിച്ചിരിക്കുന്നത്.

ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ഡയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടേതാണ് നിര്‍ദേശം. ബജെപി എംഎല്‍എ അജയ് വിഷ്ണോയി, കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ യാദവ് എന്നിവരാണ് സമിതിയിലെ
മറ്റ് അംഗങ്ങള്‍. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് നിലവിലുള്ള 3.25 കോടി രൂപയില്‍ 5 കോടി രൂപയായി ഉയര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളത്തില്‍ അവരുടെ പദവിയുടെ അന്തസിന് ആനുപാതികമായി വാര്‍ഷിക വര്‍ദ്ധനവ് വരുത്താനും സമിതി ശുപാര്‍ശ ചെയ്യുന്നു. മുന്‍ എംഎല്‍എമാര്‍ക്കും അവരുടെ പങ്കാളിക്കും പ്രതിമാസം 10,000 രൂപ പ്രീമിയമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയും അവരുടെ പെന്‍ഷന്‍ പ്രതിവര്‍ഷം 800 രൂപയില്‍ നിന്ന് 1500 രൂപയായി വര്‍ധിപ്പിക്കാനും കരട് നിര്‍ദ്ദേശം ശുപാര്‍ശ ചെയ്യുന്നു.
എംഎല്‍എമാര്‍ക്ക് മാത്രമായി യാത്ര ചെയ്യുന്നതിനുപകരം എംഎല്‍എമാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും എസി 1 ട്രെയിനില്‍ യാത്ര ചെയ്യാനുള്ള വ്യവസ്ഥ, ഒരു എംഎല്‍എയ്ക്ക് 5 ലക്ഷം രൂപ വരെ വിമാന യാത്രാ സൗകര്യം, യാത്രാ അലവന്‍സ് കിലോമീറ്ററിന് 15 രൂപയില്‍ നിന്ന് 25 രൂപയായി ഉയര്‍ത്തല്‍ എന്നിവ നിലവിലുള്ള വ്യവസ്ഥയാണ്. ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 58.51 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവയ്ക്കും.
ഒക്ടോബര്‍ 28 ന് കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും നവംബര്‍ 24 ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചതായി വിധാന്‍സഭയിലെ വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട കരടിനെക്കുറിച്ച് അംഗങ്ങള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്, കൂടാതെ കരട് നിര്‍ദ്ദേശം ഇപ്പോള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പരിഗണനയിലാണ്.
എംഎല്‍എമാരുടെയും മുന്‍ എംഎല്‍എമാരുടെയും ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ സഭയുടെ അജണ്ടയിലില്ലെന്നും എന്നാല്‍ കരട് യഥാസമയം അംഗീകരിച്ചാല്‍, സമ്മേളനത്തിന്റെ അവസാനത്തോടെ ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
2016 ല്‍ എംഎല്‍എമാരുടെയും മുന്‍ നിയമസഭാംഗങ്ങളുടെയും ശമ്പളത്തിലും അലവന്‍സുകളിലും വര്‍ദ്ധനവുണ്ടായതിന് ശേഷം നിയമസഭാംഗങ്ങളുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും ഒരു പരിഷ്‌കരണവും നടന്നിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications