മിനിമം ശമ്പളം 51,480 രൂപയാകും, പെൻഷനും 25,740; എട്ടാം ശമ്പള കമ്മീഷൻ നടപ്പായാൽ...
ശമ്പളത്തിൽ മാത്രമല്ല എട്ടാം ശമ്പള കമ്മീഷൻ പെൻഷനിലും വൻ മാറ്റം വരുത്തിയേക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ ഏകദേശം 25,000 രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 1.2 കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപനം ആശ്വാസമായേക്കും.
ഫിറ്റ്മെൻ്റ് ഫാക്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളവും പെൻഷനുമൊക്കെ തീരുമാനിക്കുന്നത്. 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ ഉപയോഗിച്ചാണ് ഏഴാം ശമ്പള കമ്മീഷൻ പരിഷ്കരണം നടപ്പാക്കിയത്. അതേസമയം, ആറാം ശമ്പള കമ്മീഷൻ 1.86 എന്ന ഫാക്ടറാണ് ഉപയോഗിച്ചത്. കഴിഞ്ഞ തവണ 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിച്ചപ്പോൾ കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിച്ചിരുന്നു.

എട്ടാം ശമ്പള കമ്മീഷൻ ഏത് ഫിറ്റ്മെൻ്റ് ഫാക്ടറായിരിക്കും ഉപയോഗിക്കുകയെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. ഇത് 2.5 നും 2.86 നും ഇടയിൽ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. . 2.86 ആണ് അംഗീകരിക്കുന്നതെങ്കിൽ കുറഞ്ഞ പെൻഷൻ നിലവിലെ 9,000 രൂപയിൽ നിന്ന് ഏകദേശം 25,740 രൂപയായി വർധിക്കും.
ശമ്പള കമ്മീഷൻ പരിഷ്കരണങ്ങൾക്ക് പുറമെ, പെൻഷൻ ആനുകൂല്യങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത പെൻഷൻ പദ്ധതിയും സർക്കാർ പരിഗണിക്കുന്നുണ്ട്. ഈ പുതിയ സംവിധാനം അനുസരിച്ച്, കുറഞ്ഞത് 25 വർഷത്തെ സേവനമുള്ള ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കാൻ സാധ്യതയുണ്ട്.
ചുരുങ്ങിയത് 10 വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് ഏകദേശം 10,000 രൂപയുടെ കുറഞ്ഞ പെൻഷൻ ഈ പദ്ധതി ഉറപ്പുനൽകുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഏകീകൃത സംവിധാനം പെൻഷൻ കണക്കുകൂട്ടലുകൾ കൂടുതൽ സുതാര്യമാക്കുകയും വിരമിച്ചതിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
അതേസമയം കേന്ദ്ര സർക്കാർ 2.86 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ അംഗീകരിച്ചാൽ, നിലവിലെ 18,000എന്ന അടിസ്ഥാന ശമ്പളം ഏകദേശം 51,480 രൂപയായി വർദ്ധിക്കും. 2.5 എന്ന കുറഞ്ഞ ഘടകം പരിഗണിച്ചാൽ പോലും ശമ്പളം 45,000 രൂപയിലെത്തും.പരിഷ്കരിച്ച അലവൻസുകൾക്കൊപ്പം കേന്ദ്ര സർക്കാർ ജീവനക്കാരുടെ കയ്യിലെത്തുന്ന ശമ്പളത്തിൽ ഇത് വലിയ വർദ്ധനവുണ്ടാക്കും. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് സർക്കാർ അംഗീകരിച്ച ശേഷമേ അന്തിമ കണക്കുകൾ വ്യക്തമാകൂ.












Click it and Unblock the Notifications