ശമ്പളം ഉടന്‍ വര്‍ധിക്കില്ല; ഇനിയും 2 വര്‍ഷം കാത്തിരിക്കണം, സര്‍ക്കാര്‍ നീക്കത്തിന്റെ വേഗത കുറഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പുതിയ ശമ്പള കമ്മീഷന്‍ കാത്തിരിക്കുകയാണ്. ഇനിയുള്ള ശമ്പള വര്‍ധനവ് പുതിയ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരിക്കും. ഈ വര്‍ഷം ജനുവരി 16ന് എട്ടാം ശമ്പള കമ്മീഷന്‍ സംബന്ധിച്ച പ്രഖ്യാപനം നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ പിന്നീട് ചലനങ്ങളുണ്ടായിട്ടില്ല.
ഓരോ പത്ത് വര്‍ഷത്തേക്കാണ് ഒരു ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പരിഗണിക്കുക. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. ഈ സാഹചര്യം പരിഗണിച്ചാണ് കഴിഞ്ഞ ജനുവരിയില്‍ പുതിയ കമ്മീഷന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. എന്നാല്‍ ഔദ്യോഗികമായ തുടര്‍ നടപടകളുണ്ടായില്ല.

ശമ്പള കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം ഇറങ്ങേണ്ടതുണ്ട്. കൂടാതെ കമ്മീഷന്‍ അംഗങ്ങളെ തീരുമാനിക്കണം. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളും തീരുമാനിക്കണം. ഇത്രയും നടപടികള്‍ ആയാല്‍ മാത്രമേ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങൂ. പിന്നീട് രാജ്യത്തെ വിപണി സാഹചര്യം പഠിക്കണം. സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയും ഒത്തുനോക്കണം.
നടപടിക്രമങ്ങള്‍ ബാക്കി
ഇത്രയും നടപടികള്‍ പൂര്‍ത്തിയാകണം എങ്കില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷം എടുക്കുമെന്നാണ് കരുതുന്നത്. ശേഷം മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് അംഗീകരിക്കണം. അപ്പോള്‍ മാത്രമാണ് ശമ്പളം വര്‍ധിക്കുക. അതുകൊണ്ടുതന്നെ എട്ടാം ശമ്പള കമ്മീഷന്‍ 2028 മുതലാണ് നടപ്പാക്കുക എന്ന് അനുമാനിക്കാം. പഴയ ചില ശമ്പള കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു വര്‍ഷം വേണ്ടി വന്നിരുന്നു.
ആറാം ശമ്പള കമ്മീഷന്‍ 2006 ഒക്ടോബറിലാണ് നിയമിക്കപ്പെട്ടത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2008 മാര്‍ച്ചിലാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചത് ആ വര്‍ഷം ആഗസ്റ്റിലും. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയത് ഉദ്യോഗസ്ഥര്‍ക്ക് നേട്ടമായി. പക്ഷേ നടപടികള്‍ പൂര്‍ണമാകാന്‍ രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഏഴാം ശമ്പള കമ്മീഷന്റെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.
2014 ഫെബ്രുവരിയിലാണ് കമ്മീഷനെ നിയമിച്ചത്. മാര്‍ച്ചില്‍ പരിഗണനാ വിഷയങ്ങള്‍ ധാരണയായി. 2015 നവംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2016 ജൂണില്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കി. അതായത്, കമ്മീഷന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ 33 മാസം എടുത്തു.
എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ അടുത്ത മാസം തീരുമാനിക്കുമെന്നാണ് കരുതുന്നത്. 2027ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. സര്‍ക്കാര്‍ തീരുമാനം 2028ലും പ്രതീക്ഷിക്കാം. 2026 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും കരുതാം. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ശമ്പളം വര്‍ധിപ്പിക്കുക. ഓരോ ആറ് മാസത്തിലും ഡിഎ വര്‍ധിപ്പിക്കുന്നതും ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിന് അനുസരിച്ച് ഡിഎ വര്‍ധനവ് നഷ്ടമായേക്കും.












Click it and Unblock the Notifications