ശമ്പളം കൂടാന്‍ ഇനി 10 വര്‍ഷം കാത്തിരിക്കേണ്ട.. 5 വര്‍ഷം മതി? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കാലാവധി 10 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി കുറയ്ക്കണമെന്ന പ്രധാന ആവശ്യം എട്ടാം ശമ്പള കമ്മീഷന്‍ പരിഗണിക്കുന്നതായി വിവരം. ശമ്പള വര്‍ധനവ് മുതല്‍ പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ വരെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ജീവനക്കാരുടെ സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ വലിയ മാറ്റങ്ങളായിരിക്കും ശമ്പള ഘടനയില്‍ വരിക.
മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള എട്ടാം ശമ്പള കമ്മീഷന്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചുവരികയാണ്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍, ശമ്പള ഘടന, പെന്‍ഷന്‍ സംവിധാനങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ സമിതി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പര്യടനം നടത്തുന്നുണ്ട്.

തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികള്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ശമ്പള പരിഷ്‌കരണങ്ങള്‍ക്കിടയിലുള്ള ദീര്‍ഘമായ ഇടവേളയെക്കുറിച്ച് പല സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍, വീട്ടുവാടക, വിദ്യാഭ്യാസം, ചികിത്സ എന്നിവയുടെ ചെലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ശമ്പള വര്‍ധനവിനായുള്ള ദീര്‍ഘകാലത്തെ കാത്തിരിപ്പ് വരുമാനത്തിന്റെ യഥാര്‍ത്ഥ മൂല്യത്തെ ബാധിക്കും എന്നാണ് വാദം.
അതുകൊണ്ട് ഓരോ 5 വര്‍ഷത്തിലും ശമ്പളവും പെന്‍ഷനും അവലോകനം ചെയ്യണം എന്നാണ് ജീവനക്കാരും പെന്‍ഷന്‍കാരും ആവശ്യപ്പെടുന്നത്. 5 വര്‍ഷത്തിലൊരിക്കല്‍ ശമ്പളം അവലോകനം ചെയ്യുന്ന സംവിധാനം നടപ്പിലാക്കിയാല്‍, ജീവിതച്ചെലവിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ശമ്പള ഘടനയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റം വരുത്താന്‍ സാധിക്കും. ശമ്പള പരിഷ്‌കരണത്തിനായി ഒരു പതിറ്റാണ്ട് മുഴുവന്‍ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് ജീവനക്കാരുടെ ആവശ്യം.
അങ്ങനെ വന്നാല്‍ പെന്‍ഷന്‍കാരുടെ വരുമാനം ഇടയ്ക്കിടെ അവലോകനം ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിച്ചേക്കാം. എന്നിരുന്നാലും, ഓരോ 5 വര്‍ഷത്തിലും എത്രത്തോളം ശമ്പള വര്‍ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എട്ടാം ശമ്പള കമ്മീഷനുമായുള്ള ചര്‍ച്ചകളില്‍ ജീവനക്കാരുടെ സംഘടനകള്‍ മറ്റ് പ്രധാനപ്പെട്ട ചില വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ശമ്പള വര്‍ധനവ് കണക്കാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിക്കണം എന്നതാണ് അതില്‍ ശ്രദ്ധേയം. ജീവിതച്ചെലവും സാമ്പത്തിക മാറ്റങ്ങളും അടിസ്ഥാനമാക്കി ശമ്പളം പരിഷ്‌കരിക്കണമെന്നതാണ് മറ്റൊരു ആവശ്യം. പെന്‍ഷന്‍കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പെന്‍ഷന്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് പെന്‍ഷന്‍കാരുടൈ സംഘടനകളും ആവശ്യപ്പെടുന്നു.
അതിനിടെ സ്ഥിരമായ ഒരു ശമ്പള അവലോകന സമിതി രൂപീകരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഓരോ 10 വര്‍ഷത്തിലും പുതിയ ശമ്പള കമ്മീഷനെ നിയമിക്കുന്ന രീതിക്ക് പകരമായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഡി.എ 50 ശതമാനത്തില്‍ കൂടുമ്പോഴെല്ലാം ഫിറ്റ്മെന്റ് ഫാക്ടര്‍ പരിഷ്‌കരിക്കണമെന്ന ആശയവും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഓരോ 5 വര്‍ഷത്തിലും ശമ്പള പരിഷ്‌കരണം വേണമെന്ന ആവശ്യം പരിഗണിക്കുമ്പോള്‍, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ചെലവുകളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ശമ്പള വര്‍ധനവ്, പെന്‍ഷന്‍ മാറ്റങ്ങള്‍, വിവിധ അലവന്‍സുകള്‍ എന്നിവയിലുണ്ടാകുന്ന ഏത് മാറ്റവും സര്‍ക്കാരിന്റെ ആകെ ചെലവിനെ ബാധിച്ചേക്കാം. അതിനാല്‍, ശമ്പള പരിഷ്‌കരണത്തിന്റെ വ്യാപ്തി, നടപ്പിലാക്കുന്നതിനുള്ള സമയക്രമം, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവ സര്‍ക്കാര്‍ വിശദമായി പഠിക്കും.


Click it and Unblock the Notifications
