ശമ്പളം കുതിച്ചുയരും; കമ്മീഷന്‍ അഞ്ചംഗ കുടുംബ യൂണിറ്റ് പരിഗണിച്ചാല്‍ നേട്ടം, കണക്കിലെ മാറ്റം അറിയാം
എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനം തുടരുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ശേഷി, നിലവിലുള്ള വിപണി സാഹചര്യം, മറ്റു ചെലവുകള്‍ എന്നിവയെല്ലാം പരിഗണിച്ചാകും റിപ്പോര്‍ട്ട് തയ്യാറാക്കുക. ശേഷം മന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ പുതിയ ശമ്പള സ്‌കൈല്‍ നിലവില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, പെന്‍ഷന്‍കാര്‍ക്കും ഇരട്ടി നേട്ടം ലഭിക്കും.
ശമ്പളം എത്രത്തോളം വര്‍ധിക്കുമെന്ന് കണക്കാക്കുന്നതില്‍ നിര്‍ണായകം ഫിറ്റ്‌മെന്റ് ഫാക്ടറാണ്. എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയിലാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാണ് എന്ന് അറിയാന്‍ സാധിക്കുക. എന്നാല്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ കണക്കാക്കുന്നതിന് പരിഗണിക്കുന്ന വിഷയങ്ങള്‍ സുപ്രധാനമാണ്. ഇതില്‍ പ്രധാനമാണ് കുടുംബ യൂണിറ്റ്.

നിലവില്‍ കുടുംബ യൂണിറ്റ് പരിഗണിക്കുന്നത് മൂന്ന് ആയിട്ടാണ്. ഭാര്യ, ഭര്‍ത്താവ്, രണ്ട് മക്കള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുക. മക്കളെ അര ശതമാനം ആയിട്ടാണ് കണക്കാക്കുന്നത്. ഇങ്ങനെയാണ് മൂന്നംഗങ്ങള്‍ വരുന്നത്. എന്നാല്‍ മൂന്നിന് പകരം അഞ്ചംഗ കുടുംബ യൂണിറ്റ് പരിഗണിക്കണം എന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കമ്മീഷന്‍ അംഗീകരിച്ചാല്‍ ശമ്പളം കുതിച്ചുയരും.
അച്ഛനെയും അമ്മയെയും ഉള്‍പ്പെടുത്തി കുടുംബ യൂണിറ്റ് വികസിപ്പിക്കണം എന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. അങ്ങനെ വന്നാല്‍ ഇവര്‍ക്ക് വേണ്ടി വരുന്ന ചെലവ് കൂടി കണക്കാക്കി ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഉയര്‍ത്തും. മൂന്നംഗ കുടുംബ യൂണിറ്റ് എന്നത് 1957ലെ 15ാം ലേബര്‍ കോണ്‍ഫറന്‍സ് പ്രകാരമാണ്. ഇതില്‍ അച്ഛനും അമ്മയും വരുന്നില്ല. 2007ലെ രക്ഷിതാക്കളുടെ ക്ഷേമത്തിനായിരുന്ന നിയമം അനുസരിച്ച് ഇവരെ കൂടി കുടുംബ യൂണിറ്റില്‍ പരിഗണിക്കണം എന്നാണ് ജീവനക്കാരുടെ ആവശ്യം.
കുടുംബ യൂണിറ്റും ശമ്പളവും തമ്മിലുള്ള ബന്ധം
സര്‍ക്കാര്‍ ശമ്പളം നിശ്ചയിക്കുമ്പോള്‍ ജീവനക്കാരനെ മാത്രമല്ല പരിഗണിക്കുന്നത്. കുടുംബാംഗങ്ങളെ കൂടിയാണ്. അവര്‍ക്കുള്ള ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ കൂടി ഇതില്‍ പരിഗണനാ വിഷയമാണ്. ഇവിടെയാണ് മൂന്ന് എന്നുള്ള യൂണിറ്റ് അഞ്ചംഗങ്ങളായി ഉയരുന്നത്. അതായത്, മാതാപിതാക്കള്‍ക്കുള്ള ചെലവ് കൂടി പരിഗണിക്കപ്പെടുമ്പോള്‍ ശമ്പളം വലിയ അളവില്‍ ഉയരും.
കുടുംബങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയരുമ്പോള്‍ അടിസ്ഥാന ശമ്പളത്തില്‍ 66 ശതമാനം വര്‍ധനവ് വരും. അതായത്, നിലവിലുള്ള കണക്കുകള്‍ പ്രകാരം നിശ്ചയിക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടറില്‍ 0.66 ശതമാനം കൂടി വര്‍ധിപ്പിക്കും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.78 ആണ് നേരത്തെ നിശ്ചയിച്ചത് എങ്കില്‍ കുടംബ യൂണിറ്റ് വികസിക്കുമ്പോള്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.42 ആയി ഉയരും. ഇതോടെ ശമ്പളത്തില്‍ വലിയ മാറ്റമാണ് വരിക.
ഒന്നര വര്‍ഷത്തെ സമയമാണ് എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സമയം. അടുത്ത വര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് കരുതുന്നത്. അതിന് ശേഷമാണ് മന്ത്രിസഭ റിപ്പോര്‍ട്ട് പരിഗണിക്കുക. അംഗീകരിച്ചാല്‍ റിപ്പോര്‍ട്ട് നടപ്പാക്കും. അപ്പോഴേക്കും അടുത്ത വര്‍ഷം പകുതി പിന്നിടുമെന്നാണ് കരുതുന്നത്. 2028 ജനുവരിയില്‍ പുതിയ ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications