എട്ടാം ശമ്പള കമ്മീഷനില്‍ 20 മാസത്തെ ശമ്പള കുടിശിക 14 ലക്ഷം രൂപ! ഒറ്റയടിക്ക് അക്കൗണ്ടില്‍ കയറുമോ?
എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്‌കരണ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. 2025 നവംബര്‍ 30 ന് രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്‍ 2026 ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 18 മാസത്തെ കാലാവധിയാണ് സമിതിക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം 2027 ഏപ്രില്‍-മേയ് മാസങ്ങളിലായി ശമ്പള പരിഷ്‌കരണ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് കണക്കുകൂട്ടല്‍.
മുന്‍പത്തെ ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ പുതിയ ശമ്പള കമ്മീഷന്‍ പ്രകാരമുള്ള പരിഷ്‌കരിച്ച ശമ്പളവും അലവന്‍സുകളും ലഭിക്കേണ്ടതാണ്. എന്നാല്‍, വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകളും സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ നിന്നുള്ള അംഗീകാരം നേടലും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ കാരണം, പുതിയ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം.

ഇത്തരത്തില്‍ കാലതാമസം നേരിട്ടാലും, കാത്തിരിക്കേണ്ടി വരുന്ന മാസങ്ങളിലെ ശമ്പള കുടിശിക കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കാറുണ്ട്. ഉദാഹരണത്തിന്, 2027 ജൂണിലാണ് എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതെങ്കില്‍, 18 മാസത്തെ കാലതാമസത്തിനുള്ള കുടിശിക ജീവനക്കാര്‍ക്ക് ലഭിക്കും. വിജ്ഞാപനം വൈകുകയാണെങ്കില്‍ കുടിശ്ശിക ലഭിക്കേണ്ട കാലയളവും വര്‍ധിക്കും.
എന്നാല്‍, വ്യത്യസ്ത ഫിറ്റ്മെന്റ് ഫാക്ടറുകള്‍ അടിസ്ഥാനമാക്കി ലെവല്‍ 4 മുതല്‍ 7 വരെയുള്ള ജീവനക്കാര്‍ക്ക് എത്രത്തോളം കുടിശ്ശിക ലഭിക്കുമെന്ന് പ്രതീക്ഷിക്കാം എന്നതാണ് പ്രധാന ചോദ്യം. മിക്ക കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ് എന്നിവയാണ് ശമ്പള ഘടകങ്ങളായി ലഭിക്കുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ക്കെല്ലാം അവര്‍ക്ക് കുടിശിക ലഭിക്കാറുണ്ടോ എന്ന് നോക്കാം.
അടിസ്ഥാന ശമ്പളത്തിനുള്ള കുടിശിക
പുതിയ ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമ്പോള്‍ ജീവനക്കാരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രയോഗിക്കുന്നു. ഇതിന്റെ ഫലമായി, പുതിയ ശമ്പള കമ്മീഷന്‍ പ്രകാരം അടിസ്ഥാന ശമ്പളത്തില്‍ കുടിശിക ലഭിക്കുന്നു. നടപ്പിലാക്കുന്നതില്‍ 18 മാസത്തെ കാലതാമസം ഉണ്ടായാല്‍, 18 മാസത്തെ അടിസ്ഥാന ശമ്പള കുടിശിക ലഭിക്കും.
ക്ഷാമബത്തയ്ക്കുള്ള കുടിശിക
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി വര്‍ഷത്തില്‍ രണ്ട് തവണ സര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നു. പണപ്പെരുപ്പം കൂടുന്നതിന് അനുസരിച്ച് വര്‍ഷത്തില്‍ രണ്ടുതവണ ക്ഷാമബത്ത ക്രമീകരിക്കുന്നതിനാല്‍, ഇതിന് സര്‍ക്കാര്‍ കുടിശിക നല്‍കാറില്ല.
വീട്ടുവാടക അലവന്‍സിനുള്ള കുടിശിക
ഓരോ ശമ്പള കമ്മീഷനിലും സര്‍ക്കാര്‍ എച്ച്ആര്‍എ നിരക്കുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം Z, Y, X വിഭാഗം നഗരങ്ങള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 8%, 16%, 24% എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. എന്നാല്‍ 2024 ജനുവരിയില്‍ ക്ഷാമബത്ത 50% ആയപ്പോള്‍ ഇവ യഥാക്രമം 10%, 20%, 30% ആയി വര്‍ധിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനമാണ് എച്ച്ആര്‍എ.
അതിനാല്‍ പുതിയ ശമ്പള കമ്മീഷനില്‍ അടിസ്ഥാന ശമ്പളം പരിഷ്‌കരിക്കുമ്പോള്‍ എച്ച്ആര്‍എയും സ്വാഭാവികമായി വര്‍ധിക്കുന്നു. മുന്‍കാല രീതികള്‍ പരിശോധിച്ചാല്‍, എച്ച്ആര്‍എയ്ക്ക് സര്‍ക്കാര്‍ കുടിശിക നല്‍കാറില്ലെന്ന് കാണാം.
യാത്രാബത്തയിലെ കുടിശിക
ഓരോ ശമ്പള കമ്മീഷനിലും യാത്രാബത്ത നിശ്ചയിക്കാറുണ്ടെങ്കിലും, ക്ഷാമബത്ത വര്‍ധിക്കുന്നതിന് അനുസരിച്ച് ഇതിലും വര്‍ധനവുണ്ടാകാറുണ്ട്. ഉദാഹരണത്തിന്, ഒരു ജീവനക്കാരന് 1,800 രൂപയാണ് നിശ്ചിത യാത്രാബത്തയെങ്കില്‍, അവര്‍ക്ക് 1,800 രൂപയും അതിനോടൊപ്പം ആ തുകയുടെ നിശ്ചിത ശതമാനം ക്ഷാമബത്തയും ലഭിക്കും. ക്ഷാമബത്ത വര്‍ധിക്കുമ്പോഴെല്ലാം യാത്രാബത്തയുടെ തുകയും വര്‍ധിക്കുന്നതിനാല്‍, യാത്രാബത്തയില്‍ കുടിശ്ശിക നല്‍കുന്ന പതിവ് സര്‍ക്കാരിനില്ല.
അതിനാല്‍, അടിസ്ഥാന ശമ്പളത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശിക ലഭിക്കുന്നത്. എന്നാല്‍ ഈ തുക എത്രയായിരിക്കും? എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നതില്‍ 20 മാസത്തെ കാലതാമസം ഉണ്ടാകുമെന്ന് കണക്കാക്കിയാല്‍, ലെവല്‍ 4 മുതല്‍ 7 വരെയുള്ള ജീവനക്കാര്‍ക്ക് 2.0, 2.57 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകള്‍ പ്രകാരം ലഭിക്കാവുന്ന കുടിശ്ശികയുടെ കണക്കുകള്‍ നമുക്ക് പരിശോധിക്കാം.
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.0
ലെവല്‍ 4 ജീവനക്കാരന് നിലവില്‍ 25500 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 51000 രൂപയായി വര്‍ധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ 20 മാസത്തെ കുടിശിക 510000 രൂപയായിരിക്കും. ലെവല്‍ 5 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 29100 രൂപയില്‍ നിന്ന് 58200 രൂപയായി വര്‍ധിക്കും. 20 മാസത്തെ കുടിശിക 582000 രൂപയായിരിക്കും. ലെവല്‍ 6 ജീവനക്കാരന് ശമ്പള കുടിശിക 708000 രൂപയും ലെവല്‍ 7 ജീവനക്കാരന് ഇത് 898000 രൂപയും ആയിരിക്കും.
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57
ലെവല്‍ 4 ജീവനക്കാരന് നിലവില്‍ 25500 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 65535 രൂപയായി വര്‍ധിക്കും. 20 മാസത്തെ കുടിശിക 800700 രൂപയായിരിക്കും. 29100 രൂപ വാങ്ങിക്കുന്ന ലെവല്‍ 5 ജീവനക്കാരന്റെ ശമ്പളം 74787 രൂപയായി വര്‍ധിക്കുമ്പോള്‍ കുടിശിക 913740 രൂപയായിരിക്കും. ലെവല്‍ 6 ജീവനക്കാരന്റെ ശമ്പള കുടിശിക 1111560 രൂപയും ലെവല്‍ 7 ജീവനക്കാരന്റെ ശമ്പള കുടിശിക 1409860 രൂപയും ആയിരിക്കും.





Click it and Unblock the Notifications