സർക്കാർ ജീവനക്കാർക്ക് ഓരോ 5 വർഷത്തിലും ശമ്പള പരിഷ്കരണം വരുമോ? സുപ്രധാന നിർദേശം
എട്ടാം ശമ്പള കമ്മീഷൻ അതിൻ്റെ ഔദ്യോഗിക നടപടി ക്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ജീവനക്കാരുടെ യൂണിയനുകളുമായും പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ഇതിനോടകം തന്നെ കമ്മീഷൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ ഏപ്രിൽ 28 മുതൽ 30 വരെയായിരുന്നു ആദ്യഘട്ട കൂടിക്കാഴ്ചകൾ. ശമ്പള ഘടന മുതൽ പെൻഷൻ പരിഷ്കരണങ്ങൾ വരെയുള്ള നിരവധി വിഷയങ്ങൾ ഈ യോഗത്തിൽ പരിഗണിച്ചിട്ടുണ്ട്.
ഡൽഹിയിൽ നടന്ന ചർച്ചകളിൽ, നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) പ്രതിനിധികളോടൊപ്പം വിവിധ ജീവനക്കാരുടെ സംഘടനകളും പങ്കെടുത്തു. ഫിറ്റ്മെന്റ് ഫാക്ടർ, നിർദ്ദേശിക്കപ്പെട്ട ശമ്പള പരിഷ്കരണങ്ങൾ, പെൻഷൻ സിസ്റ്റം മാറ്റങ്ങൾ, അലവൻസുകൾ, പഴയ പെൻഷൻ പദ്ധതിയുടെ ഭാവി എന്നിവയുൾപ്പെടെയുള്ള പ്രധാന സേവന പ്രശ്നങ്ങളിലാണ് സംഭാഷണങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

തുടർച്ചയായ ശമ്പള കമ്മീഷനുകൾ തമ്മിലുള്ള പത്തുവർഷത്തെ ഇടവേള അഞ്ച് വർഷമായി കുറയ്ക്കാനുള്ള ചില ഘടനാപരമായ നിർദേശങ്ങളും യോഗത്തിൽ ഉയർന്നെന്നാണ് റിപ്പോർട്ട്. അത്തരമൊരു മാറ്റം നേരിട്ട് നടപ്പിലാക്കാൻ കമ്മീഷന് അധികാരമില്ല. അതുകൊണ്ട് തന്നെ ഈ ശുപാർശ ഔദ്യോഗികമായി സർക്കാരിന് കൈമാറണമെന്നാണ് ഉദ്യോഗസ്ഥർ ഉയർത്തിയ ആവശ്യം.
മെയ് 18-19 തീയതികളിൽ ഹൈദരാബാദിലും ജൂൺ 1-4 തീയതികളിൽ ശ്രീനഗറിലും ജൂൺ 8-ന് ലഡാക്കിലുമായി അടുത്ത യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അന്തിമ ശുപാർശകൾ തയ്യാറാക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുമായും വിപുലമായ ആശയവിനിമയം നടത്താനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
നിലവിലെ പത്തുവർഷത്തിലൊരിക്കലുള്ള ശമ്പള പരിഷ്കരണം സാമ്പത്തിക സാഹചര്യങ്ങളുമായി ഒത്തുപോകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പണപ്പെരുപ്പത്തിന് അനുസരിച്ച് വേതന പരിഷ്കരണം കൂടുതൽ വേഗത്തിലാക്കണമെന്ന് എൻസി-ജെസിഎം സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ ഗോപാൽ മിശ്ര 'ആവശ്യപ്പെട്ടു. "സർക്കാർ ജീവനക്കാരുടെ വേതനം അഞ്ച് വർഷത്തിലൊരിക്കൽ പരിഷ്കരിക്കണമെന്ന ആവശ്യം അംഗീകരിക്കണം. ഇതിന് പല കാരണങ്ങളുണ്ടെന്നും മിശ്ര വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കിംഗ് സ്ഥാപനങ്ങളും നിലവിൽ അഞ്ച് വർഷത്തെ വേതന പരിഷ്കരണ ചക്രം പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "സർക്കാരിന്റെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും അഞ്ച് വർഷത്തേയ്ക്കുള്ള ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ശമ്പളങ്ങൾ ഇതിലും വേഗത്തിൽ ക്രമീകരിക്കാറുണ്ടെന്നും മിശ്ര എടുത്തുപറഞ്ഞു.
നിലവിലുള്ള ഘടനയിൻകീഴിൽ ശമ്പള വളർച്ച മന്ദഗതിയിലാകുന്നതിലുള്ള ആശങ്കകളും ഉയർന്നു. ദീർഘകാല പരിഷ്കരണ ഇടവേള തൊഴിൽ വരുമാനത്തെ എങ്ങനെ ബാധിക്കുമെന്ന് ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷന്റെയും നാഷണൽ മിഷൻ ഫോർ ഓൾഡ് പെൻഷൻ സ്കീം ഭാരതിന്റെയും ദേശീയ പ്രസിഡന്റായ ഡോ. മഞ്ജീത് സിംഗ് പട്ടേൽ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, 2016 ജനുവരിയിൽ 18,000 അടിസ്ഥാന ശമ്പളത്തിൽ ഒരു ജീവനക്കാരനെ നിയമിക്കുകയാണെങ്കിൽ 10 വർഷത്തിന് ശേഷവും ശമ്പളം ഏകദേശം 37,000 ആയി തന്നെ തുടരുകയാണ്', അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് ഉൾപ്പെടെയുള്ള പല മേഖലകളിലും ചെറിയ പരിഷ്കരണ ചക്രങ്ങൾ നിലവിൽ പിന്തുടരുന്നുണ്ടെന്ന് പട്ടേൽ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications