ശമ്പളം 2.5 കോടി; ഇന്റേണ്‍ഷിപ്പിന് ശേഷം കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിക്ക് ജോലി വാഗ്ദാനം ചെയ്ത് ഈ കമ്പനി
ഹൈദരാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് തൊഴില്‍ വിപണിയില്‍ വലിയ വെട്ടിക്കുറയ്ക്കലുകള്‍ നടത്തുമ്പോഴും ആശാവഹമായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആഗോള തൊഴില്‍ വിപണിയില്‍ മിടുക്കരായ ഇന്ത്യന്‍ ചെറുപ്പക്കാരുടെ നൈപുണ്യത്തിന് വലിയ ഡിമാന്‍ഡുള്ളതിന്റെ തെളിവാണ് ഐഐടി ഹൈദരാബാദില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഐഐടി ഹൈദരാബാദിലെ 21 വയസുകാരനായ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് നെതര്‍ലന്‍ഡ്സില്‍ 2.5 കോടി രൂപ ശമ്പളമുള്ള ജോലി. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ട്രേഡിംഗ് സ്ഥാപനമായ ഒപ്റ്റിവറാണ് ഈ ഓഫര്‍ മുന്നോട്ടു വച്ചത്. ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമാണ് എഡ്വേര്‍ഡിന് ലഭിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് 2017-ല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഒരു കോടി രൂപയുടെ പാക്കേജായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ റെക്കോര്‍ഡ്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ബിടെക് വിദ്യാര്‍ത്ഥിയായ എഡ്വേര്‍ഡ് നഥാന്‍ വര്‍ഗീസിനാണ് 2.5 കോടി രൂപയുടെ വാര്‍ഷിക ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചത്. ഇന്റേണ്‍ഷിപ്പിന് ശേഷമാണ് ഈ വമ്പന്‍ ഓഫര്‍ ലഭിച്ചത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് എഡ്വേര്‍ഡിന്റെ നിയമനം. ഈ വര്‍ഷം ജൂലൈയില്‍ നെതര്‍ലന്‍ഡ്സില്‍ എഡ്വേര്‍ഡ് ജോലിയില്‍ പ്രവേശിക്കും.

ഒപ്റ്റിവറിലായിരുന്നു എഡ്വേര്‍ഡ് നഥാന്‍ രണ്ട് മാസം ഇന്റേണ്‍ഷിപ്പ് ചെയ്ത്. ഈ പരിശീലന കാലയളവിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ തേടി ഈ ഓഫറെത്തിയത്. ഇന്റേണ്‍ഷിപ്പിനായി രണ്ട് പേരെ തിരഞ്ഞെടുത്തിരുന്നെങ്കിലും എഡ്വേര്‍ഡിന് മാത്രമാണ് ജോലി വാഗ്ദാനം ലഭിച്ചത്. സാധാരണ കാമ്പസ് ഇന്റര്‍വ്യൂ വഴിയാണ് ഇത്തരം വലിയ ഓഫറുകള്‍ വരാറുള്ളത്.
ഹൈദരാബാദില്‍ ജനിച്ച എഡ്വേര്‍ഡ് ബെംഗളൂരുവിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പ്രോഗ്രാമിംഗ് മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ദേശീയതലത്തില്‍ മികച്ച 100 പ്രോഗ്രാമര്‍മാരില്‍ ഒരാളായി ഇടംപിടിച്ചിരുന്നു. ഈ വൈദഗ്ധ്യമാണ് അഭിമുഖങ്ങളില്‍ തിളങ്ങാന്‍ എഡ്വേര്‍ഡിനെ സഹായിച്ചത്.
2008-ല്‍ ഐഐടി ഹൈദരാബാദ് ആരംഭിച്ച ശേഷം ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് എഡ്വേര്‍ഡിന് ലഭിക്കുന്നത്. എഡ്വേര്‍ഡിന്റെ നേട്ടത്തിന് പുറമെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് 1.1 കോടി രൂപയുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. നേരത്തെ 60 മുതല്‍ 90 ലക്ഷം രൂപ വരെ ശമ്പളമുള്ള ജോലികളാണ് ഉയര്‍ന്ന പാക്കേജുകളായി കണക്കാക്കിയിരുന്നത്.
ഇത്തവണ ജോലി വാഗ്ദാനം ലഭിച്ച ഐഐടി ഹൈദരാബാദിലെ വിദ്യാര്‍ത്ഥികളുടെ ശരാശരി ശമ്പള പാക്കേജിലും വലിയ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം 20.8 ലക്ഷമായിരുന്ന ശരാശരി ശമ്പളം ഇത്തവണ 36.2 ലക്ഷം രൂപയായി ഉയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച ഒന്നാം ഘട്ട പ്ലേസ്മെന്റില്‍ മാത്രം 24 വിദ്യാര്‍ത്ഥികള്‍ക്കാണ് വിദേശത്ത് ജോലി ഓഫറുകള്‍ ലഭിച്ചത്.
കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എഡ്വേര്‍ഡ്. പഠനത്തിനൊപ്പം തന്നെ തൊഴില്‍ നൈപുണ്യങ്ങള്‍ വികസിപ്പിക്കുന്നത് എത്രത്തോളം പ്രധാനമാണെന്ന് എഡ്വേര്‍ഡിന്റെ നേട്ടം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications