ശമ്പളം 30000 രൂപയില്‍ നിന്ന് 90000 ആയി ഉയര്‍ന്നു; പിന്നീട് 2.5 ലക്ഷത്തിലേക്കും, ഇത്തവണ എത്ര
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കാത്തിരിപ്പാണ്. എത്ര രൂപ ശമ്പളം വര്‍ധിക്കും എന്ന് അറിയാനാണിത്. ശമ്പള കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മന്ത്രിസഭ അംഗീകരിച്ചാല്‍ ശമ്പളം വര്‍ധിക്കും. എങ്കിലും അല്‍പ്പം കാത്തിരിക്കേണ്ടിവരും. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
ശമ്പളം മാത്രമല്ല, പെന്‍ഷനും വര്‍ധിക്കും. അതുകൊണ്ട് തന്നെ ഒരു കോടിയില്‍ അധികം പേരാണ് എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുന്നത്. ആറാം ശമ്പള കമ്മീഷനും ഏഴാം ശമ്പള കമ്മീഷനും നടപ്പാക്കിയപ്പോള്‍ എത്ര രൂപ വര്‍ധിച്ചു എന്ന് അറിഞ്ഞാല്‍ വരാനിരിക്കുന്ന ശമ്പള വര്‍ധനവിന്റെ ഏകദേശ ചിത്രം കിട്ടും. രണ്ട് കമ്മീഷനും നടപ്പാക്കിയ വേളയില്‍ വന്ന വര്‍ധനവ് അറിയാം...

കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ അടിസ്ഥാനമാക്കിയാണ് ശമ്പള വര്‍ധനവ് തീരുമാനിക്കുക. അതുകൊണ്ടു തന്നെ എത്രയാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്നതാണ് പ്രധാനം. നിലവിലെ വില നിലവാരം, സാമ്പത്തിക സ്ഥിതി എന്നിവ പരിശോധിച്ചാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ തീരുമാനിക്കുക. ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഉയര്‍ന്നാല്‍ ശമ്പളം കുതിച്ചുചാടും.
6, 7 ശമ്പള കമ്മീഷന്‍ നടപ്പാക്കിയപ്പോള്‍ വന്ന മാറ്റം
ആറാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയ വേളയില്‍ 1.92 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടര്‍. ഇതോടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 3200 രൂപയില്‍ നിന്ന് 7440 രൂപയായി ഉയര്‍ന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 30000 രൂപയില്‍ നിന്ന് 90000 രൂപയായും ഉയര്‍ന്നു. പെന്‍ഷന്‍കാര്‍ക്കും ആനുപാതികമായ വര്‍ധനവ് പ്രതിമാസ വരുമാനത്തില്‍ ലഭിച്ചു.
ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയപ്പോള്‍ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടര്‍. കുറഞ്ഞ അടിസ്ഥാന ശമ്പളം 7440 രൂപയില്‍ നിന്ന് 18000 രൂപയായി ഉയരുന്നതാണ് ഈ വേളയില്‍ കണ്ടത്. കൂടിയ അടിസ്ഥാന ശമ്പളം 90000 രൂപയില്‍ നിന്ന് 2.5 ലക്ഷമായി ഉയരുകയും ചെയ്തു. വലിയ കുതിച്ചുചാട്ടമാണ് ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയ വേളയില്‍ സംഭവിച്ചത്.
ആറാം ശമ്പള കമ്മീഷന്റെ കാലാവധി 2015 ഡിസംബറിലും ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിലും അവസാനിച്ചു. ഈ വേളയിലാണ് എട്ടാം ശമ്പള കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. ഈ കമ്മീഷന് 18 മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമരം. പിന്നെ മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കണം. ഏകദേശം രണ്ട് വര്‍ഷം സമയം എടുക്കുമെന്നാണ് പ്രതീക്ഷ. അതായത്, 2028 ജനുവരിയില്‍യില്‍ പുതിയ വര്‍ധനവ് പ്രതീക്ഷിക്കാം.
എട്ടാം ശമ്പള കമ്മീഷന്‍ പരിഗണിക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാകുമെന്നതാണ് മറ്റൊരു ചര്‍ച്ച. 1.86 മുതല്‍ 2.86 വരെയാകും സാധ്യത എന്നാണ് പറയപ്പെടുന്നത്. വിവിധ വിപണി നിരീക്ഷകര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. എങ്കിലും വലിയ വര്‍ധനവ് ശമ്പളത്തില്‍ വരുമെന്ന് തന്നെയാണ് കരുതുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം ലഭിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ നേട്ടമാകും.












Click it and Unblock the Notifications