അടിസ്ഥാന ശമ്പളം 18,000 ത്തിൽ നിന്ന് 72,000 ആയി ഉയർത്തണം, ഫിറ്റ്മെന്റ് ഫാക്ടർ 4 ആക്കണം;ബിപിഎംഎസ്
എട്ടാം ശമ്പള കമ്മീഷന് വിപുലമായ ഭേദഗതി നിർദ്ദേശങ്ങളടങ്ങിയ നിവേദനം സമർപ്പിച്ച് ഭാരതീയ പ്രതിരക്ഷാ മസ്ദൂർ സംഘ് (ബിപിഎംഎസ്). ശമ്പള ഘടന, വാർഷിക ഇൻക്രിമെന്റുകൾ, ഫിറ്റ്മെന്റ് ഫാക്ടർ, ഭാവിയിലെ ശമ്പള പരിഷ്കരണങ്ങൾക്കുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് സംഘടന ആവശ്യപ്പെടുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് 72,000 രൂപയായി ഉയർത്തണമെന്നതാണ് ബിപിഎംഎസിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. വർധിച്ചുവരുന്ന ജീവിതച്ചെലവ്, ജീവനക്കാരുടെ ക്ഷേമം, സാമ്പത്തിക കാര്യക്ഷമത എന്നിവ സന്തുലിതമാക്കുകയാണ് ഈ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂണിയൻ വ്യക്തമാക്കി. അടിസ്ഥാന തലത്തിലുള്ള ജീവനക്കാർക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ ഈ പരിഷ്കരണം സഹായിക്കുമെന്നും ബിപിഎംഎസ് കൂട്ടിച്ചേർത്തു.

ഏറ്റവും കുറഞ്ഞ വേതനം പ്രതിശീർഷ വരുമാന വളർച്ചയുമായി ബന്ധിപ്പിക്കണമെന്നതാണ് ബിപിഎംഎസ് അഭിപ്രായം. 2016-17 സാമ്പത്തിക വർഷത്തിലെ 1,03,219 രൂപയിൽ നിന്ന് 2024-25-ൽ ഇന്ത്യയുടെ പ്രതിശീർഷ അറ്റ ദേശീയ വരുമാനം 1,92,774 രൂപയായി ഉയർന്നതായി സംഘടന ചൂണ്ടിക്കാട്ടി. അതായത് 86.76 ശതമാനം വർധനവ്. ഇത് ശമ്പള വർധനവിൻ്റെ പ്രധാന്യം എടുത്തുകാട്ടുന്നുണ്ടെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.
ഈ 86.76 ശതമാനം വർധനവ് സർക്കാർ ശമ്പളത്തിൽ കാര്യമായ വർധനവ് വരുത്താനുള്ള ആവശ്യത്തെ ശക്തിപ്പെടുത്തുന്നതായി യൂണിയൻ ചൂണ്ടിക്കാട്ടി. എട്ടാം ശമ്പള കമ്മീഷനു കീഴിൽ 4 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷൻ്റെ ഫിറ്റ്മെൻ്റ് ഫാക്ടർ 2.57 ആയിരുന്നു. പണപ്പെരുപ്പം, ക്ഷാമബത്ത ലയനം, വരുമാന വളർച്ച എന്നിവ കണക്കിലെടുക്കുമ്പോൾ, ശമ്പള നിലവാരത്തിലുടനീളം ഏകീകൃത സ്വഭാവം നിലനിർത്താൻ ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ സഹായിക്കുമെന്ന് ബിപിഎംഎസ് അഭിപ്രായപ്പെട്ടു.
വാർഷിക ഇൻക്രിമെൻ്റ് നിരക്ക് 3 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഇരട്ടിയാക്കണമെന്നും ബിപിഎംഎസ് നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷാമബത്ത പണപ്പെരുപ്പത്തെ ഭാഗികമായി പ്രതിരോധിക്കാൻ സഹായിക്കുമെങ്കിലും, യഥാർത്ഥ വരുമാന വളർച്ചയ്ക്ക് വാർഷിക ഇൻക്രിമെൻ്റുകൾ ഇപ്പോഴും അനിവാര്യമാണെന്ന് യൂണിയൻ വാദിച്ചു.
വർധിച്ചുവരുന്ന ചെലവുകളും സ്വകാര്യ മേഖലയിലെ ശമ്പള മാനദണ്ഡങ്ങളിലെ മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ നിലവിലെ ഇൻക്രിമെൻ്റ് ഘടന അപര്യാപ്തമാണെന്നും ബിപിഎംഎസ് വ്യക്തമാക്കി. ശമ്പള കണക്കുകളിലെ കുടുംബ യൂണിറ്റ് എന്ന ആശയം മൂന്നിൽ നിന്ന് അഞ്ച് അംഗങ്ങളായി പരിഷ്കരിക്കണമെന്നതാണ് യൂണിയൻ്റെ പ്രധാനപ്പെട്ട മറ്റൊരു നിർദ്ദേശം.
എട്ടാം ശമ്പള കമ്മീഷൻ: അറിയേണ്ട കാര്യങ്ങൾ. 2025 ജനുവരി 17-നാണ് സർക്കാർ എട്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവ ഓരോ പത്ത് വർഷത്തിലൊരിക്കൽ പുനഃപരിശോധിക്കുന്നതിനാണ് സാധാരണയായി ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്.2025 ഒക്ടോബർ 28-ന് കേന്ദ്ര മന്ത്രിസഭ കമ്മീഷൻ്റെ പ്രവർത്തന നിയമങ്ങൾ (Terms of Reference) അംഗീകരിച്ചു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് കമ്മീഷൻ ചെയർപേഴ്സൺ. ഒരു പാർട്ട് ടൈം അംഗവും ഒരു മെമ്പർ സെക്രട്ടറിയും കമ്മീഷനിലുണ്ട്.കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനും കമ്മീഷന് അനുമതിയുണ്ട്.












Click it and Unblock the Notifications